നാദാപുരത്ത് മോഷ്ടിച്ച സ്കൂട്ടറിലേക്ക് ബൈക്കില്‍ നിന്ന് പെട്രോള്‍ ചോര്‍ത്തുന്നതിനിടെ പിടിയിലായ യുവാവ് കിണറ്റില്‍വീണു; കരയ്ക്കു കയറാന്‍ സഹായിച്ച നാട്ടുകാരെ പറ്റിച്ച് കടന്നുകളഞ്ഞു
നാദാപുരം: മോഷണത്തിനിടെ പിടിയിലായ യുവാവ് കിണറ്റില്‍ വീണു. കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു. ചേലക്കാട് ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
മോഷ്ടിച്ച സ്കൂട്ടറില്‍ കറങ്ങി നടന്ന ശേഷം ചേലക്കാട് ടൗണില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെയാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു.
ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വച്ച് ചോദ്യം ചെയ്തു. ചേലക്കാട് ടൗണ്‍ പരിസരത്തെ വീട്ടുകാരെ കാണാനായി വന്നതാണെന്ന് പറഞ്ഞ് നാട്ടുകാര്‍ക്ക് മേല്‍വിലാസം നല്കി തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെയും കൊണ്ട് ഈ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ വാതില്‍ തുറക്കുന്നതിനിടയില്‍ യുവാവ് ഓടുകയും സമീപത്തെ ആള് മറയില്ലാത്ത കിണറില്‍ വീഴുകയുായിരുന്നു. നാട്ടുകാര്‍ കയര്‍ കിണറ്റിലെറിഞ്ഞ് നല്കി യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. വിവരമറിഞ്ഞ് നാദാപുരത്ത് നിന്ന് പോലീസ് സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇതിനിടയില്‍ യുവാവ് സഞ്ചരിച്ച സ്കൂട്ടര്‍ ചേലക്കാട് ടൗണില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടര്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷന് പരിധിയില്‍ നിന്ന് മോഷണം പോയതാണെന്നും നടക്കാവ് സ്റ്റേഷനില്‍ വാഹനം മോഷണം പോയതായി കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.