അരിക്കുളം അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി; ഉദ്ഘാടനം ചെയ്തത് കെ.മുരളീധരൻ എം.പി


അരിക്കുളം: അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒമ്പതാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കെ.മുരളീധരൻ എം.പിയാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്.

ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്ര സമീപത്തെ ക്ഷേത്രങ്ങളിലൂടെ പ്രയാണം നടത്തി യജ്ഞവേദിയിലെത്തിച്ചേർന്നു. കരിവെള്ളൂർ വാച്ചവാധ്യാരില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ.

ക്ഷേത്രം മേൽശാന്തി നീലമന രാജനാരായണൻ എമ്പ്രാന്തിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി
പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരിപ്പാട് യജ്ഞവേദിയിൽ ദീപ പ്രോജ്ജലനം നടത്തി. സപ്താഹ സമിതി ചെയർമാൻ സുരേന്ദ്രൻ കണ്ടച്ചങ്കണ്ടി അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ കർഷക അവാർഡ് ജേതാവ് ഒ.കെ.സുരേഷിനെ ആദരിച്ചു. ഒറവിങ്കൽ ക്ഷേത്രഭാരവാഹികളായ എൻ.വി.സുധാകരൻ, ബാലകൃഷ്ണൻ തൃപുര എന്നിവർ സംസാരിച്ചു.

അരീക്കുന്ന് ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി സി.എം.പീതാംബരൻ സ്വാഗതവും ജോ. സെക്രട്ടറി
വാസു മേലമ്പത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കെ.മുരളീധരൻ എം.പിയുടെ പേരിൽ ക്ഷേത്രത്തിൽ നിറമാല വിളക്ക്, ഗണപതി ഹോമം എന്നിവ നടന്നു. ആചാര്യന്റെ യജ്ഞ മാഹാത്മ്യ പ്രഭാഷണവും നടന്നു.