വെളിയണ്ണൂര്‍ ചല്ലി പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കുമെന്ന് ടി.പി രാമകൃഷ്ണന്‍; ഒരുങ്ങുന്നത് 20.7 കോടിയുടെ വികസന പദ്ധതി



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലും, അരിക്കുളം, കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയന്നൂര്‍ ചല്ലി പാടശേഖരം കര്‍ഷകരുടെ സഹകരണത്തോടെ പൂര്‍ണ്ണമായി കൃഷി യോഗ്യമാക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചല്ലി വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ 20.7 കോടി രൂപയുടെ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ ഉളളത്. ഇതില്‍ 90 ശതമാനം സ്ഥലവും നെല്‍കൃഷി ചെയ്യാതെ വെറുതെ കിടക്കുകയാണ്. 20.7 കോടിയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ സ്ഥലത്തും നെല്‍കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്.

വെളിയണ്ണൂര്‍ ചല്ലിയില്‍ സമഗ്ര നെല്‍കൃഷി വികസന പദ്ധതി നടപ്പിലാക്കിയാല്‍ നെല്‍കൃഷിയോടൊപ്പം, ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലികൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസം എന്നിവയും നടത്താമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയ്ക്ക് കര്‍ഷകരുടെ സഹകരണം ഉറപ്പാക്കുന്നതിന് കര്‍ഷക പ്രതിനിധികള്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം മെയ് 17ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന എം.എല്‍.എ അറിയിച്ചു. കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരിക്കും വിശദമായ പദ്ധതി രേഖ തയ്യാറാക്കുക.
വെളിയണ്ണൂര്‍ ചല്ലിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതി യോഗത്തില്‍ അവതരിപ്പിക്കും.

മഴക്കാലത്തും വേനല്‍ക്കാലത്തും വെളളക്കെട്ടും ഉയര്‍ന്ന ചില ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യവും നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ചല്ലിയിലുണ്ട്. കനാല്‍ ചോര്‍ച്ച നിമിത്തമാണ് വേനലിലും ചല്ലിയില്‍ വെളളക്കെട്ടുയരാന്‍ ഇടയാകുന്നത്. ചല്ലിയോട് ചേര്‍ന്നുളള നായാടന്‍ പുഴ പുനരുദ്ധരിക്കുന്നതിനും ഇതോടൊപ്പം നടപടി സ്വീകരിക്കും. നായാടന്‍ പുഴ പുനരുദ്ധാരണത്തിന് 4.87 കോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുഴയ്ക്ക് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുകയും മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കുകയും ചെയ്യും.

700 മീറ്ററില്‍ നായാടന്‍ പുഴ വീണ്ടെടുക്കും. നായടന്‍ പുഴയില്‍ നിന്നും തെക്കെന്‍ ചല്ലിയിലേക്കുളള 200 മീറ്റര്‍ അനുബന്ധതോടും പുനര്‍നിര്‍മ്മിക്കും. തെക്കന്‍ ചല്ലിയില്‍ നടുതോടും ഇടത്തോടുകളും നിര്‍മ്മിക്കും. ചെറോല്‍ താഴ, നമ്പൂരിക്കണ്ടിതാഴ, തുരുത്തിത്താഴ എന്നിവിടങ്ങളില്‍ ഉപ്പുവെളള പ്രതിരോധ തടയണകള്‍ (എസ്.ഡബ്യു.ഇ വി.സിബികള്‍) നിര്‍മ്മിക്കും. നമ്പൂരിക്കണ്ടിതാഴയില്‍ പമ്പിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. ഒറവിങ്കല്‍ താഴെ മുതല്‍ നടുത്തോടും കൈത്തോടുകളും ആവശ്യമുളള ഇടങ്ങളില്‍ വീതിയിലും ആഴത്തിലും തോടുകള്‍ നിര്‍മ്മിക്കും. തോടിന്റെ വശങ്ങളില്‍ ട്രാക്ടര്‍ പോകുന്ന രീതിയില്‍ ബണ്ടുകള്‍ ഉണ്ടാവും.

പ്രധാന തോടുകള്‍ ചേരുന്ന തുരുത്തിയില്‍ താഴ ഭാഗത്ത് വി.സി.ബി നിര്‍മ്മാണം, പീറ്റക്കണ്ടി വി.സി.ബി പുതുക്കി പണിയല്‍, പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിക്കുന്നതിനുവേണ്ടി എട്ട് ചെറുകുളങ്ങളുടെ നിര്‍മ്മാണം എന്നീ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായുണ്ട്. കൂടുതല്‍ വെളളക്കെട്ടുളള ഭാഗങ്ങള്‍ ടുറിസം സ്‌പോട്ടുകളാക്കി മാറ്റിയെടുക്കും. ഈ പ്രവൃത്തികള്‍ക്കെല്ലാം കൂടിയാണ് 20.7 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്.

യോഗത്തില്‍ കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, ഗ്രാമ പഞ്ചായ്തത് പ്രസിഡന്റുമാരായ എ.എം.സുഗതന്‍ (അരിക്കുളം), കെ.കെ.നിര്‍മ്മല(കീഴരിയൂര്‍), മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ്, എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.കെ.സത്യന്‍, അസി.എഞ്ചിനിയര്‍ എന്‍.കെ.രാജീവന്‍, ഓവര്‍സിയര്‍ ശരണ്യ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
[bot1]