തൃക്കാക്കരയില്‍ ചിത്രം തെളിഞ്ഞു; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.എസ്.അരുണ്‍കുമാര്‍
എറണാകുളം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.എസ്.അരുണ്‍കുമാറാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.
എം.എല്‍.എയായിരുന്ന പി.ടി.തോമസിന്റെ വിയോഗത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു.
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിന്റെ മുഖമായ അരുണ്‍കുമാര്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്.
ഇരുപതിനായിരത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് കെ.എസ്.അരുണ്‍കുമാര്‍. പാര്‍ട്ടി ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ ഒരു സ്ഥാനാര്ത്ഥിയെത്തുന്നതും സി.പി.എമ്മില്‍ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്.
കോലഞ്ചേരി മഴുവന്നൂര്‍ സ്വദേശിയായ അരുണ്‍ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് സി.പി.എമ്മിലെത്തുന്നത്. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു.
[bot1]