പുത്തന്‍ ഉടുപ്പണിഞ്ഞും പടക്കം പൊട്ടിച്ചും പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍; പേരാമ്പ്ര മേഖല ആഘോഷ ലഹരിയില്‍


പേരാമ്പ്ര: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റത്. കോവിഡ് ജാഗ്രതയില്‍ നിയന്ത്രിത ആഘോഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ സ്ഥിതി മറിച്ചാണ്. വിപുലമായ ആഘോഷ പരിപാടികളാണ് പേരാമ്പ്ര ഉള്‍പ്പെടെ നാടെങ്ങും നടക്കുന്നത്.

പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ പ്രാര്‍ഥനാ ധ്വനികള്‍ മുഴങ്ങിയിരുന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് ഈദ് ഗാഹില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്. പെരുന്നാള്‍ ദിനം വിശ്വാസികള്‍ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കരിക്കുന്നതിന് പകരം ഇത്തരം ഈദ് ഗാഹുകളിലാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത്. ഇതിന് പ്രത്യേക പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

പുത്തന്‍ ഉടുപ്പണിഞ്ഞും പടക്കം പൊട്ടിച്ചുമാണ് വിശ്വാസികല്‍ പെരുന്നാളിനെ വരവേറ്റത്. ഈദ് ഗാഹുകള്‍ക്ക് ശേഷം ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുകയാണ് പലരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വീടുകളില്‍ ചുരുങ്ങിപ്പോയ പെരുന്നാളിന് ഇന്ന് പകിട്ടേറെയാണ്. ഏറെ നാളുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരുമിച്ചും ഈദ് ഗാഹുകളിലും പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍.

[bot1]