തിക്കോടിയില്‍ അപകടത്തില്‍ തകര്‍ന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം; പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്-വീഡിയോ



തിക്കോടി:
ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തെ തുടര്‍ന്ന് തകര്‍ന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

ഗുജറാത്ത് സ്വദേശിയായ ബബ്ലു (35) നാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ 3.45 ഓടെ തിക്കോടി ടൗണിലാണ് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ലോറികളും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍മാരില്‍ ഒരാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

രാജസ്ഥാനില്‍ നിന്നും മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൊച്ചിയില്‍ നിന്നും തിരിച്ചുപോവുകയായിരുന്ന അമുല്‍മില്‍ക്ക് ടാങ്കര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മില്‍ക്ക് ടാങ്കറിന്റെ പിറകില്‍ അതേ കമ്പനിയുടെ മറ്റൊരു ലോറി കൂട്ടിയിടിച്ചു.

ട്രെയിലറും ടാങ്കറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറെ കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍, ബബീഷ്, സനല്‍രാജ്, സിധീഷ്, സജിത്ത്, റഷീദ് എന്നിവരും ഹോംഗാര്‍ഡുമാരായ സുജിത്ത്, ഓംപ്രകാശ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പയ്യോളിയില്‍ നിന്നും ഹൈവേ പട്രോളിങ് പൊലീസും സ്ഥലത്തെത്തി. എസ്.ഐമാരായ പ്രകാശന്‍, പി.എം സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രയിന്‍ എത്തിച്ച് ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷം രാവിലെയോടെയാണ് റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കി ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്.
[bot1]