ടൂറിസം വളരും, തൊഴിലവസരങ്ങള്‍ കൂടും; കീഴരിയൂരിനെയും കൊയിലാണ്ടിയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടര്‍ നടപടികളിലേക്ക്
കൊയിലാണ്ടി: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടര്‍ നടപടിയിലേക്ക്. പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണനാണ് ഇത് സംബന്ധിച്ചുള്ള വിവരം അറിയിച്ചത്.
212.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. കൊയിലാണ്ടി ഭാഗത്ത് 450 മീറ്റര്‍ നീളത്തിലും കീഴിരിയൂര്‍ ഭാഗത്ത് 20.3 മീറ്റര്‍ നീളവുമുള്ള അപ്രോച്ച് റോഡും കൂടാതെ ഇരു ഭാഗങ്ങളിലും 1.5 മീറ്റര്‍ വീതിയിലുള്ള ഫുട് പാത്തും പാലത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.
പാലം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 21,77,68,196 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ നിരന്തരമായി ഇടപെടലും, കെ. ദാസന്‍ എം.എല്‍.എ ആയിരിക്കുന്ന സമയത്തെ ഇടപെടലുകളും എം.എല്‍.എ കാനത്തില്‍ ജമീലയുടെയും ശ്രമത്തിന്റെ ഫലമായാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പാലത്തിനായി കിഫ്ബി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിക്കുന്നത്.
പാലം നിര്‍മ്മിക്കുന്നത് അകലാപ്പുഴയുടെ സമീപത്തായതിനാല്‍ ടൂറിസത്തിന് വലിയ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നൂറുകണക്കിനാളുകള്‍ക്ക് തൊഴിലവസരം ലഭിക്കുന്നതുള്‍പ്പെടെയുള്ള വികസനങ്ങള്‍ക്ക് ഇരുമണ്ഡലങ്ങള്‍ക്ക് അവസരം ലഭിക്കും.