കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെക്കൊണ്ട് പൊറുതുമുട്ടി ജില്ലയിലെ കര്‍ഷകര്‍; ഒരുവര്‍ഷത്തിനിടെ നശിപ്പിച്ചത് 77.44ലക്ഷം രൂപയുടെ കൃഷി, പേരാമ്പ്രയില്‍ 70,000 രൂപയുടെ നഷ്ടം
പേരാമ്പ്ര: കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടി ജില്ലയിലെ കര്‍ഷകര്‍. കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം 77.44ലക്ഷം രൂപയുടെ കൃഷിയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. 2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. നിരവധി പേരുടെ ജീവന് നഷ്ടമായതിന് പുറമേയാണിത്.
ജില്ലയില്‍ 211 കര്‍ഷകരാണ് വന്യമൃഗശല്യത്തിന് ഇരയായത്. 19.44 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി എന്നീ ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്ക് കീഴില്‍ പലയിടത്തും വന്യമൃഗശല്യം അതിരൂക്ഷമാണ്. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം. ഈ റേഞ്ചില്‍പെട്ട കുന്നുമ്മല്‍ കാര്‍ഷിക ബ്ലോക്കില്‍ 36.30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കൊടുവള്ളി ബ്ലോക്കില്‍ 0.96 ഹെക്ടര്‍ ഭൂമിയില്‍ 30.85 ലക്ഷം രൂപയുടെ കൃഷി കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചു. ഉള്ളിയേരി-1.12 ലക്ഷം, പേരാമ്പ്ര- 70,000 രൂപ, വടകര- 5000 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.
കാട്ടുപന്നികളാണ് ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത്. ആദ്യകാലത്ത് കാടിനോട് ചേര്‍ന്ന മലയോര മേഖലയില്‍ മാത്രമാണ് കാട്ടുപന്നികളുടെ ശല്യമുണ്ടായിരുന്നത്. എന്നാലിന്ന് കാട്ടില്‍ നിന്ന് കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്. വളയം, ചെക്യാട്, നാദാപുരം, പുറമേരി, കുറ്റ്യാടി, പനങ്ങാട്, ഉണ്ണികുളം, താമരശ്ശേരി, പുതുപ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി, കട്ടിപ്പാറ, മാവൂര്‍, ചാത്തമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങി നിരവധി തദ്ദേശസ്ഥാപനങ്ങളിലാണ് കാട്ടുപന്നികള്‍ കൂടുതലും വിലസുന്നത്. പുറമേരി അരൂര്‍ മലയാട പൊയിലില്‍ കഴിഞ്ഞ ഡിസംബറില്‍ ഒറ്റരാത്രികൊണ്ട് രണ്ടരയേക്കര്‍ കൃഷിയാണ് പന്നികള്‍ ഇല്ലാതാക്കിയത്. ജില്ലയിലെ 33 വില്ലേജുകള്‍ കാടുപന്നിശല്യത്തിന്റെ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു.
[ad1]
[ad2]
പന്നിക്ക് പുറമേ, മുള്ളന്‍പന്നി, കാട്ടാന എന്നിവയുടെയും ശല്യവും രൂക്ഷമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കഴിഞ്ഞദിവസം കേന്ദ്രം തള്ളിയത് മലയോരമേഖലയിലുള്ളവരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.