താമരശ്ശേരിയില്‍ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതായി സംശയം; സംഭവം ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പ്പിക്കുന്നതിനിടെ
താമരശ്ശേരി: എം.ഡി.എം.എ വിഴുങ്ങിയതായി സംശയത്തെ തുടര്‍ന്ന് താമരശ്ശേരിയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അരയത്തും ചാലില്‍ സ്വദേശി ഫായിസിനെയാണ് ആശുപത്രിയിലെത്തിച്ചത്. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടയില്‍ എം.ഡി.എം.എ വിഴുങ്ങിയതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതിനിടെ, താമരശ്ശേരിയിലെ എം.ഡി.എം.എ വില്‍പ്പന സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം കോഴിക്കോട് വെച്ച് പിടികൂടി. അമ്പായത്തോട് സ്വദേശി പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 58 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊലീസ് പരിശോധനയ്ക്കിടെ എം.ഡി.എം.എ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് പ്രതി മിര്‍ഷാദ്.