മൂടാടി ഹില്‍ബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍, പ്രതി പോക്‌സോ കേസില്‍ പൊലീസ് തിരയുന്നയാളെന്ന് കണ്ടെത്തല്‍


കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയില്‍. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ചയാണ്‌ കേസിനാസ്പദമായ സംഭവം. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്‌.

സ്‌റ്റേഷനിലെത്തിച്ച പ്രതിയെ കണ്ട് സംശയം തോന്നി കൂടുതല്‍ അന്വേഷണം നടത്തിയോടെ പോക്‌സോ കേസില്‍ പോലീസ് തിരയുന്ന പ്രതിയും ഇയാളാണെന്ന് കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ്‌ നന്തി ഇരുപതാം മൈലില്‍ ബസ് ഇറങ്ങിനടക്കുകയായിരുന്ന ആണ്‍കുട്ടിയോടും ഇയാള്‍ ഇത്തരത്തില്‍ ലൈംഗികാതിക്രം കാട്ടിയിരുന്നു. സ്‌ക്കൂട്ടറിലെത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. കുട്ടിയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ആണ്‍കുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്‌.

നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രമേശന്‍, മണി, എ.എസ്.ഐമാരായ ബിജു വാണിയംകുളം, രഞ്ജിത്ത്, എസ്.സി.പി.ഒമാരായ പ്രവീണ്‍, അനീഷ് മടോളി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ സ്വദേശിയായ യുവാവ് കുറച്ച് കാലമായി മൂടാടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

Description: A young man who sexually assaulted a female employee at a primary health center in Moodadi has been arrested