”എനിക്കും വേണം യൂണിഫോം, ഞാനും പൊലീസാ…” അച്ഛനെ കാക്കിയില്‍ കണ്ടതോടെ യൂണിഫോമിനായി വാശിപിടിച്ച് മേപ്പയ്യൂരിലെ കുഞ്ഞു മാനവ്, പാസിങ് ഔട്ട് പരേഡിനെത്തിയത് കാക്കിയണിഞ്ഞ്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശിയായ എ. കിരണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ആകുന്നതിന്റെ പാസിങ് ഔട്ട് പരേഡ് കാണാന്‍ കാക്കിയണിഞ്ഞെത്തിയ കിരണിന്റെ മകന്‍ മാനവ് കൗതുകക്കാഴ്ചയായി. അച്ഛന്‍ പരിശീലന കാലത്ത് ധരിച്ച യൂണിഫോം കണ്ടാണ് കുഞ്ഞുമാനവിന് കാക്കിയോട് പ്രിയം തോന്നിയത്. ”എനിക്കും യൂണിഫോം വേണം, ഞാനും പൊലീസാ…” എന്നു പറഞ്ഞുള്ള മൂന്നുവയസുകാരന്റെ വാശിയ്ക്ക് മുന്നില്‍ കുടുംബത്തിനും പിടിച്ചുനില്‍ക്കാനായില്ല. അങ്ങനെയാണ് കടയായ കടയൊക്കെ കയറിയിറങ്ങി ഒരു കുഞ്ഞ് പൊലീസ് യൂണിഫോം സംഘടിപ്പിച്ചത്.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച മധുവിന്റെ മകകനാണ് നരക്കോട് ഊരാളിക്കുനി കിരണ്‍. മുത്തച്ഛന്‍ മധുവാണ് കൊച്ചുമകനുവേണ്ടി കാക്കി യൂണിഫോം വാങ്ങിച്ചുനല്‍കിയത്.

വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്യവേയാണ് കിരണ്‍ എസ്.ഐ ടെസ്റ്റ് എഴുതി ജോലിക്ക് കയറിയത്. മൂടാടി വില്ലേജ് ഓഫീസില്‍ ജോലി ചെയ്യവേയാണ് പൊലീസ് സേനയില്‍ അംഗമാകുന്നത്. ഭാര്യ എം.എസ് അഞ്ജന ക്ഷീരവകുപ്പിലാണ് ജോലി ചെയ്യുന്നത്.