കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയിൽ


കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ പെണ്‍ കുഞ്ഞാണ് മരിച്ചത്. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെയാണ്‌ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തത്‌. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന് എന്ത് സംഭവിച്ചു എന്നതിൽ കാര്യമായ പ്രതികരണം രക്ഷിതാക്കൾ ഇതുവരെ നൽകാത്തത് കൊണ്ട് സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Summary: Four-month-old baby found dead in well in Kannur.