വീടുകളില്‍ വെള്ളം കയറുകയും തുരുത്ത് കടലെടുക്കുകയും ചെയ്യുന്ന സ്ഥിതിക്ക് പരിഹാരമാകും; ഇരിങ്ങല്‍ കോട്ടയ്ക്കലിലെ കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഇരിങ്ങല്‍: ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഭാഗത്ത് മൂരാട് പുഴയില്‍ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവൃത്തിയ്ക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. 2024-25 ബജറ്റില്‍ വകയിരുത്തിയ ഒരു കോടി 40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ഭരണാനുമതിയായിരുന്നു. ഇതിന് പിന്നാലെ സാങ്കേതിക അനുമതി ലഭിക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങി. മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള എഞ്ചിനിയറിംഗ് വിഭാഗമാണ് സാങ്കേതിക അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികളാരംഭിച്ചത്.
കെ.ദാസന്‍ എം.എല്‍.എയുടെ കാലത്താണ് ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. ഇതിന്റെ ഭാഗമായി തുരുത്തിന്റെ പകുതിയോളം കെട്ടിയിരുന്നു. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തില്‍ എഴുപതോളം വീടുകള്‍ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തില്‍ വേനല്‍ക്കാലത്തടക്കം വന്‍തോതില്‍ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും വെള്ളം കയറി പ്രയാസങ്ങള്‍ നേരിട്ടിരുന്നു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിയുടെ ആദ്യഘട്ടം പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഇതിന്റെ രണ്ടാംഘട്ട പ്രവൃത്തിക്കാണ് ഇപ്പോള്‍ ഒരു കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഒരു മാസത്തിനകം സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കാനാകും.
Summary: Steps are underway to build and protect the Kottathuruthi in Iringal Kottakkal