ദേശീയപാതയ്ക്ക് തൊട്ടരികില്‍ ആനക്കുളത്ത് മാസങ്ങള്‍ക്ക് മുമ്പ് കൊണ്ടിറക്കിയ മെറ്റല്‍ ഇതുവരെ നീക്കം ചെയ്തില്ല; വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്കും അപകട ഭീഷണിയെന്ന് പ്രദേശവാസികള്‍


കൊല്ലം: കൊല്ലം ചിറയ്ക്ക് സമീപം ആനക്കുളത്ത് മാസങ്ങള്‍ക്ക് മുമ്പ് കൊണ്ടിറക്കിയ മെറ്റല്‍ ഇതുവരെ നീക്കം ചെയ്യാത്തത് കാല്‍നട യാത്രികര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. മന്ദമംഗലം പള്ളിക്ക് സമീപം ഏതാണ്ട് ആറുമാസത്തിന് മുമ്പാണ് റോഡരികില്‍ മെറ്റല്‍ ഇറക്കിയത്. ഇതുവരെ ഇത് ഉപയോഗിക്കുകയോ ഇവിടെ നിന്ന് മാറ്റുകയോ ചെയ്തിട്ടില്ല.

കൊല്ലം ചിറ മന്ദമംഗലം പള്ളിയുടെ മുമ്പില്‍ ആറ് മാസത്തിലേറെയായി മെറ്റല്‍ കൂട്ടിയിട്ട നിലയില്‍ കാണാന്‍ തുടങ്ങിയിട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുറച്ചുകാലം മുമ്പ് ഒരു ബൈക്ക് ഇതില്‍തട്ടി വീണിരുന്നു. നിരവധി കാല്‍നടയാത്രക്കാര്‍ക്കും കല്ലുകൊണ്ടും ഇതിലൂടെ നടന്നുപോകുമ്പോള്‍ കാല്‍തെന്നിയും പരിക്കുണ്ടായിട്ടുണ്ട്. മെറ്റല്‍ കാരണമുള്ള തടസം ഒഴിവാക്കുന്നതിനായി റോഡിലേക്ക് കയറി നടക്കുന്നതും അപകട ഭീഷണിയാണ്.

നിരവധി തവണ വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും മെറ്റല്‍ നീക്കാന്‍ നടപടിയുണ്ടായില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പിഷാരികാവ് ഉത്സവ സമയത്തടക്കം നൂറുകണക്കിന് ആളുകള്‍ കടന്നുപോകേണ്ട വഴിയാണ് അപകടാവസ്ഥയിലായിരിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടേതാണ് മെറ്റലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇത് നീക്കം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. പൈപ്പിടല്‍ പ്രവൃത്തി തീരുന്നമുറയ്ക്ക് പൈപ്പിട്ട ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇത് എടുത്തുമാറ്റുമെന്നാണ് അവര്‍ അറിയിച്ചത്. റോഡിന്റെ മറുവശത്ത് ഇത്തരത്തില്‍ കൂട്ടിയിട്ടിരുന്നത് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ഉത്സവവും ഇതിന് സമീപത്തെ വീട്ടില്‍ വിവാഹവും നടക്കാനിരിക്കെ വീണ്ടും ഇക്കാര്യം വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.