മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ലത്തീഫിന് മര്‍ദനമേറ്റത്. തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ മര്‍ദിച്ചത്.
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് എത്തുന്നതിന് മുമ്പ് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി. പിന്നാലെ വന്ന മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞുവെച്ച് ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു.
പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. അവിടെ വെച്ചാണ് കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.