പുളിയഞ്ചേരിയില്‍ നെല്ലൂളിത്താഴ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവില്‍ നിന്നും കഞ്ചാവും നിരോധിത ലഹരി വസ്തുക്കളും പിടിച്ചെടുത്തു
കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴെ രാത്രി വൈകി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം ചേലേമ്പ്ര സ്വദേശി രജീഷ് (38) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് നെല്ലൂളിത്താഴെ സൈഫണിന് സമീപത്തായി അപരിചിതനായ യുവാവിനെ കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ അപമര്യാദയായി പെരുമാറുകയാണുണ്ടായത്. ഇതോടെ പ്രദേശവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇയാള്‍ കഞ്ചാവ് ബീഡി ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും കഞ്ചാവും കഞ്ചാവ് നിറയ്ക്കാനുള്ള ബീഡിയും കത്രികയും ഒ.സി.ബി പേപ്പറും സിറിഞ്ച് നീഡിലുകളും നിരോധിത ലഹരി ഉല്പന്നങ്ങളും കണ്ടെടുത്തു.
പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.