ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അറസ്റ്റില്‍
കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍. മലപ്പുറത്തെ അണ് എയ്ഡഡ് സ്കൂള്‍ പ്യൂണായ അബ്ദുല്‍ നാസര്‍ ആണ് അറസ്റ്റിലായത്. എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അബ്ദുല്‍നാസര്‍ ജോലി ചെയ്യുന്ന സ്കൂളില്‍ നേരത്തെ ഫഹദും ജോലി ചെയ്തിരുന്നു. ഇങ്ങനെയുള്ള പരിചയമാണ് ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിലേക്ക് എത്തിയത്. സംഭവത്തില്‍ ഫഹദിനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളുടെ ചോദ്യപേപ്പര്‍ പരീക്ഷക്ക് മുമ്പ് എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യൂട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
എം.എസ് സൊല്യൂഷന്‍സ് സി.ഇ.ഒ എം.ഷുഹൈബിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഈ കേസില്‍ പങ്കില്ലെന്നും അധ്യാപകരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നുമായിരുന്നു ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഷുഹൈബ് പറയുന്നതിനനുസരിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നായിരുന്നു അധ്യാപകരുടെ മൊഴി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തിയത്.
Summary: Christmas exam question paper leak incident; Unaided school peon arrested