വടകരയിൽ വീണ്ടും എം.ഡി.എം.എ വേട്ട; വേളം സ്വദേശിയായ യുവാവ് പിടിയില്‍, പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമം
വടകര: വടകരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുറ്റ്യാടി വേളം പെരുവയൽ സ്വദേശി റാഷിദാണ് പിടിയിലായത്. വടകര തിരുവള്ളൂർ റോഡിൽ വെച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും വടകര പൊലീസുമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 0.54 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഇന്ന് ഉച്ചയോടെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. റീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്ന റാഷിദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനിടെ പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്ക്തര്‍ക്കമായി. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷമാണ് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ദിവസവും വടകരയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. മുട്ടുങ്ങൽ രയരങ്ങോത്ത് സ്വദേശി അതുൽ, പയ്യോളി പാലച്ചുവട് സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്. വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് അതുലിനെ പിടികൂടിയത്.
Description: Another MDMA bust in Vadakara; A youth from Velom arrested