കൊല്ലം-നെല്യാടി റോഡില്‍ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്തെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
കൊയിലാണ്ടി: കൊല്ലം-നെല്യാടി റോഡില്‍ ദേശീയപാത 66 ന്റെ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്തെ അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. ആറ് വരിയില്‍ നിര്‍മ്മിക്കുന്ന ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസിന്റെ ആദ്യ അലൈന്മെന്റില് തന്നെ ഉള്‍പ്പെട്ടതാണ് ഈ അടിപ്പാത.
അദാനി ഗ്രൂപ്പിന്റെ ഉപകരാര്‍ ഏറ്റെടുത്ത വാഗാഡ് കമ്പനിയാണ് നിര്മ്മാണ് നടത്തുന്നത്. നെല്യാടി റോഡിന് മുകളിലൂടെ ബൈപ്പാസിന് കടന്ന് പോകാനായി പടുകൂറ്റന്‍ തൂണുകളാണ് നിര്‍മ്മിക്കുന്നത്. പതിനഞ്ച് മീറ്ററാണ് ഇവിടെ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ വീതി.
ആദ്യ അലൈന്മെന്റില് ഉള്‍പ്പെടാത്ത മറ്റ് ചില സ്ഥലങ്ങളിലും അടിപ്പാത നിര്‍മ്മിക്കാന്‍ നിലവില്‍ ധാരണയായിട്ടുണ്ട്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആദ്യ അലൈന്മെന്റില് ഉള്‍പ്പെടാത്ത ചില സ്ഥലങ്ങളില്‍ കൂടെ അടിപ്പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
മൂടാടി-ഹില്‍ബസാര്‍ റോഡ്, ആനക്കുളം-മുചുകുന്ന് റോഡ് എന്നിവയാണ് ജനകീയ സമരങ്ങളെ തുടര്‍ന്ന് അടിപ്പാത നിര്‍മ്മിക്കാന്‍ അധികൃതര്‍ തീരുമാനിച്ച പ്രധാന റോഡുകള്‍.
11 കിലോമീറ്റര്‍ ദൂരമുള്ള ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് 45 മീറ്റര്‍ വീതിയില്‍ ആറുവരിയായാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കൊല്ലം ടൗണിലെയും കൊയിലാണ്ടി നഗരത്തിലെയും വലിയ ഗതാഗതക്കുരുക്കുകള്‍ വലിയ പരിധി വരെ ഒഴിവാകും.