താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി


കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലിസ് കൊലക്കുറ്റം ചുമത്തി. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ടാണ് പോലിസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ചെവിയുടേയും കണ്ണിന്റേയും ഭാഗത്തും തലയ്ക്കും ഷഹബാസിന് ഗുരുതര പരിക്ക് ഉണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരം.

പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഷഹബാസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അല്‍പ്പ സമയത്തിനകം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടങ്ങും.എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘര്‍ഷത്തിലാണ് തലയ്ക്ക് പരിക്കേറ്റത്. മുഹമ്മദ് ഷഹബാസ് (15)ന്റെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വിശദമായ വകുപ്പ് തല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ നിയോഗിച്ചതായും മന്ത്രി വി.ശിവന്‍കുട്ടി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.