ക്വിറ്റ് ഇന്ത്യാ സമരസ്മാരകം; ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന് നിര്‍മിക്കുന്ന പുതിയ കെട്ടിടം പണി പൂര്‍ത്തിയാകുന്നു
ചേമഞ്ചേരി: ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന് നിര്‍മിക്കുന്ന പുതിയ കെട്ടിടം പണി പൂര്‍ത്തിയാകുന്നു. ക്വിറ്റ് ഇന്ത്യാ സമരസ്മാരകമായ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് അതേ സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ ഏകദേശം എല്ലാ പണികളും പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പെയിന്റിങ്, കെട്ടിടത്തിന് മുകളില്‍ ഓട് പാകല്‍, ചുറ്റുമതില്‍ നിര്‍മാണം എന്നിവ പൂര്‍ത്തിയാവുന്നതോടെ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങും. കിഫ്ബി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ അവസാനഘട്ട പണിക്കായി കാനത്തില്‍ ജമീല എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 47 ലക്ഷം രൂപ കൂടി അനുവദിച്ചു.
കെട്ടിടം നില്ക്കുന്ന 16.6 സെന്റ് സ്ഥലം 2009ല്‍ അന്നത്തെ ചേമഞ്ചേരി പഞ്ചായത്ത് എല്‍.ഡി.എഫ് ഫ് ഭരണസമിതി സ്വകാര്യ വ്യക്തിയില്‍നിന്ന് വിലകൊടുത്തുവാങ്ങിയതായിരുന്നു. സ്ഥലം രജിസ്ട്രേഷന് വകുപ്പിന് കൈമാറിയ ശേഷമാണ് കെട്ടിടനിര്‍മാണം തുടങ്ങാനായത്.
1942 ആഗസ്ത് 19നാണ് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കാളികളായ പ്രക്ഷോഭകാരികള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമെന്ന നിലയില്‍ പ്രവര്‍ത്തിച്ച ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ്, തിരുവങ്ങൂര്‍ അംശ കച്ചേരി, റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന് എന്നിവ അഗ്നിക്കിരയാക്കിയത്. ഒമ്പത് വര്‍ഷം മുമ്പുവരെ പഴയ കെട്ടിടത്തിലായിരുന്നു രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരു ന്നത്. കെട്ടിടം പൊളിച്ചുമാറ്റേണ്ട അവസ്ഥ വന്നതോടെ വാടക ക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.