ചരിത്രം കുറിക്കാൻ കേരളം; രഞ്ജി ട്രോഫി ഫൈനൽ ഇന്ന്
നാഗ്പൂർ: ചരിത്ര മാറ്റിക്കുറിക്കാനൊരുങ്ങി രഞ്ജി ട്രോഫി ഫൈനലിന് കേരളം ഇന്ന് ഇറങ്ങും. വിദർഭയെയാണ് കേരളം നേരിടുന്നത്. ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇറങ്ങുമ്പോൾ കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടമാണ് വിദർഭയുടെ ലക്ഷ്യം. നാഗ്പൂർ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 9.30നാണ് മത്സരം തുടങ്ങുക.
ഇരുടീമുകളും ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഫൈനലിൽ കേരളം കഴിഞ്ഞ മൽസരങ്ങളിൽ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്റെ ബാറ്റിങ് കരുത്ത് കൂടും.
കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങിൽ എം ഡി നിധീഷും ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്റെ കരുത്ത്. സീസണിൽ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാൽ ആദ്യ കിരീടം അസാധ്യമല്ല. കഴിഞ്ഞ പത്ത് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്.