തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു
കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണഅ. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. എറണാകുളം സ്വദേശിയായിരുന്നു.
ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്. ഭരതന്‍ സംവിധാനം ചെയ്ത ‘ചാമരം’ എന്ന ചിത്രത്തിലൂടെ സിനിമാ തിരക്കഥാകൃത്തായി. സിനിമയില്‍ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. ഭരതന്‍, ഐ വി ശശി, കെ എസ് സേതുമാധവന്‍, മോഹന്‍, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍,കെ മധു, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥയും സംഭാഷണവുമെഴുതി.
എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’, ഐ.വി.ശശി സംവിധാനം ചെയ്ത ‘ഭൂമിക’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഒരു ചെറുപുഞ്ചിരി’ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. ‘ഗ്യാങ്സ്റ്റര്‍’, ‘സൈറാബാനു’ തുടങ്ങിയ ചിത്രങ്ങളില്‍ നടനായി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗവുമായിരുന്നു. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘മാക്ട’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്.
[ad1]
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഇത്തിരപ്പൂവേ ചുവന്നപൂവേ, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഏഴരക്കൂട്ടം, സവിധം, ആരോരുമറിയാതെ, സൂര്യഗായത്രി, ഒരുക്കം, ഭൂമിക, സാഗരം ശാന്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, അക്ഷരം, രേവതിക്കൊരു പാവക്കുട്ടി, തേനും വയമ്പും, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.
[ad2]
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അധ്യാപകനായിരുന്ന ഷെവലിയര്‍ പുതുശ്ശേരി വര്‍ക്കി പൗലോസിന്റെയും മുളയരിക്കല്‍ റബേക്കയുടേയും മകനായി 1950-ല്‍ ഒക്ടോബര്‍ 29-ന് ജോണ്‍പോള്‍ പുതുശ്ശേരിയിലായിരുന്നു ജനനം. ആയിഷ എലിസബത്താണ് ഭാര്യ. മകള്‍: ജിഷ.