കൊല്ലം ചിറയുടെ രണ്ടാംഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു; നാലുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി


Advertisement

കൊയിലാണ്ടി: കൊല്ലം ചിറ രണ്ടാംഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു. രണ്ടാം ഘട്ട നവീകരണത്തിനായി നാലുകോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. ചിറയുടെ സൗന്ദര്യവത്കരണത്തിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ പ്രോജക്ട് തയ്യാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ ചില എതിര്‍പ്പുകള്‍ കാരണം നീണ്ടുപോയ പദ്ധതി പഴയ പ്രോജക്ടില്‍ ചില മാറ്റങ്ങളോടെ നടപ്പില്‍വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement

ടൈലുവെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങള്‍, ലൈറ്റിങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ സ്ഥാപിച്ചുകൊണ്ട് കൊല്ലം ചിറ പരിസരത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് രണ്ടാം ഘട്ട നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബത്തോടെ അല്പം സമയം ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനത്തിനും മറ്റും ചിറയില്‍ എത്തുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടും കോഴിക്കോടിന് മാനാഞ്ചിറയെന്നപോലെ കൊയിലാണ്ടിയ്ക്ക് കൊല്ലം ചിറയെന്ന തരത്തില്‍ ഈ മേഖലയെ വികസിപ്പിക്കാന്‍ പദ്ധതിയിട്ടുമുള്ളതാണ് ഡി.പി.ആര്‍.

Advertisement

പദ്ധതി നടപ്പിലാക്കിയാല്‍ അതിന്റെ പരിപാലന ചുമതല ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഡി.പി.ആറില്‍ പറയുന്ന ഓപ്പണ്‍ ജിം പരിപാലിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട് എന്ന കാര്യം അറിയിച്ചിരുന്നു. അതിനാല്‍ ഓപ്പണ്‍ ജിം രണ്ടാം ഘട്ട നവീകരണത്തിന്റെ ഭാഗമായുണ്ടാവില്ലെന്നാണ് അറിയുന്നത്.

Advertisement

ചിറ നവീകരണത്തിനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടും രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കാനാവില്ലെന്ന ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ കടുംപിടുത്തമാണ് ചിറ നവീകരണം നീണ്ടുപോകാന്‍ ഇടയാക്കിയത്. കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര രംഗത്തെ വികസനം ലക്ഷ്യമിട്ട് കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനായി നാലുകോടി രൂപ നീക്കിവെച്ചത്. അതിനുമുമ്പ് നബാര്‍ഡ് അടക്കമുള്ളവയുടെ ഫണ്ടിന്റെ സഹായത്തോടെ മൂന്നുകോടിയുടെ ആദ്യ ഘട്ട നവീകരണ പ്രവൃത്തി കൊല്ലം ചിറയില്‍ പൂര്‍ത്തീകരിച്ചിരുന്നു.