മുക്കത്ത് അജ്ഞാത ജീവി വളര്‍ത്തുനായയെ കൊന്നുതിന്നു; പുലിയെന്ന ഭീതിയില്‍ നാട്ടുകാര്‍


മുക്കം: തോട്ടുമുക്കത്ത് വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയില്‍. നായയെ കൊന്ന് ശരീരം പാതിഭക്ഷിച്ച നിലയിലാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. ഇതിന് സമീപത്തായുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.

രാത്രി പതിനൊന്നരയായപ്പോള്‍ പട്ടികള്‍ കുരച്ചതുകേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയത്. പട്ടി കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഏതോ ജീവി ആക്രമിച്ചതാണെന്ന് വ്യക്തമായത്. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ നീണ്ട വാലുള്ള ഒരു ജീവിയെ കണ്ടതായും വീട്ടുകാര്‍ പറയുന്നു.

കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് ഇതുവരെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അടുത്തിടെ ഇവിടെ നിന്നും അല്പം അകലെയായുളള കൂടരഞ്ഞിയില്‍ പുലിയെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ ഭീതിയകറ്റാന്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.