സി.പി.എം തിക്കോടി മുന്‍ ലോക്കല്‍ സെക്രട്ടറി പി.കെ. ഭാസ്‌കരന്റെ ഭൗതികശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി


കോഴിക്കോട്: സി.പി.എം മുന്‍ തിക്കോടി ലോക്കല്‍ സെക്രട്ടറി പി.കെ.ഭാസ്‌കരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ.അപ്‌സര എം.പി മൃതദേഹം ഏറ്റുവാങ്ങി. 60 വര്‍ഷത്തോളം നീണ്ട ത്യാഗനിര്‍ഭരമായ പൊതുപ്രവര്‍ത്തനത്തിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ പി.കെ.ഭാസ്‌കരന്റെ ആഗ്രഹ പ്രകാരമായിരുന്നു മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിട്ടു നല്കണമെന്നത്.

1970 ല്‍ സി.പി.ഐ (എം) അംഗമായ ഭാസ്‌കരന്‍ സി.പി.എമ്മിന്റെ തിക്കോടി ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആര്‍ടി സാന്‍സ് യൂനിയന്‍ സി.ഐ.ടി.യുവിന്റെ ജില്ലാ കമ്മിറ്റി ട്രഷറര്‍, കൈരളി ഗ്രന്ഥശാലാ സെക്രട്ടറി, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നു വന്ന സഖാവ് തന്റെ കുടുംബത്തെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരാക്കുന്നതില്‍ ജാഗ്രത കാണിച്ചിട്ടുണ്ട്.

മിച്ചഭൂമി സമര സേനാനിയായി ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ പോലും സ്‌നേഹാദരങ്ങള്‍ നേടിയിരുന്നു.