അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കൊയിലാണ്ടിയിലെത്തി; മരിച്ച മൂന്നുപേരുടെയും വീടുകള്‍ സന്ദര്‍ശിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയതിനെ തുടര്‍ന്ന് മരണപ്പെട്ട മൂന്നുപേരുടെ വീട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരുടെ വീടാണ് സന്ദര്‍ശിച്ചത്. ബന്ധുക്കളെ ആശ്വസിപ്പിച്ച മന്ത്രി അല്പസമയം വീടുകളില്‍ ചെലവഴിച്ചാണ് തിരിച്ചുപോയത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.മോഹനന്‍ മാസ്റ്റര്‍, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്, ജില്ലാ കമ്മിറ്റിയംഗം എല്‍.ജി ലിജീഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി എം.ബാലകൃഷ്ണന്‍ എന്നിവര്‍ മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.
വിരണ്ടോടുന്നതിനിടെ ആന തട്ടി ഓഫീസ് കെട്ടിടം തകര്‍ന്നുവീണ് പരിക്കുപറ്റിയാണ് മൂന്നുപേര്‍ മരിച്ചത്. ഇതില്‍ ലീലയ്ക്ക് ആനയുടെ ചവിട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഇന്നലെ വൈകീട്ടോടെയായിരുന്നു ആന വിരണ്ടോടിയതും മരണങ്ങള്‍ സംഭവിച്ചതും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.
Summary: Minister Mohammad Riaz reached Koyilandy to comfort those who lost their loved ones in the unexpected tragedy