‘ ഈ തട്ടിപ്പില്‍ വീഴരുത്’ തന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി എം.ബി രാജേഷ്


കോഴിക്കോട്: നിയമസഭാ സ്പീക്കറും തൃത്താല എം.എല്‍.എയുമായ എം.ബി.രാജേഷിന്റെ പേരും ഡി.പിയായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്നതായി പരാതി. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് എം.ബി രാജേഷ് പരാതി നല്‍കി.
[ad2]

ഈ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുന്നതാണ് തട്ടിപ്പ് രീതി.

എം.ബി. രാജേഷിന്റെ പേരില്‍ തനിക്ക് ഇതേ നമ്പറില്‍ നിന്നും സഹായംതേടിയുള്ള സന്ദേശം ലഭിച്ചതായി കെ.പി മോഹനന്‍ അറിയിച്ചു. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു
[ad1]

ഇങ്ങനെയൊരു നമ്പറോ വാട്‌സാപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.