ലൈബ്രറിയും വിശാലമായ കമ്പ്യൂട്ടര്‍ ലാബും അടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടന വേള ആഘോഷമാക്കാന്‍ കലാപരിപാടികളുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളുമെത്തും
കൊയിലാണ്ടി: കോതമംഗലം ഗവ. എല്‍.പി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഒരു കോടി നാല്‍പ്പതുലക്ഷം രൂപ അടങ്കല്‍ തുകയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. കെട്ടിടം ഫെബ്രുവരി 15ന് 3.30ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലൈബ്രറി, വിശാലമായ കമ്പ്യൂട്ടര്‍ ലാബ് എന്നിവയുള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം.
കൊയിലാണ്ടി നഗരഹൃദയത്തിലുള്ള സ്ഥാനം കൊണ്ടും വി.ആര്.കൃഷ്ണയ്യര്‍, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണന്, മുന്‍ എം.എല്‍.എ ഇ.നാരായണന് നായര്‍ തുടങ്ങിയ പ്രഗല്ഭരായ പൂര്വവിദ്യാര്ഥിനിര കൊണ്ടും നൂറ്റി നാല്പതു വര്‍ഷത്തെ അനന്യമായ നീണ്ട ചരിത്രം കൊണ്ടും സവിശേഷമാണ് കോതമംഗലം എല്‍.പി സ്കൂള്‍. കലാകായിക വൈജ്ഞാനിക മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയകിരീടങ്ങള്‍ ചൂടി ഇതിനൊത്ത മികവ് ഇന്നും നില നിര്‍ത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞഇട്ടുണ്ട്. കഴിഞ്ഞ എല്‍.എസ്.എസ് പരീക്ഷയില്‍ 36 പ്രതിഭകളെ വിജയിപ്പിച്ച് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ വിജയം ആവര്‍ത്തിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരുന്നു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ.കെ.സത്യന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി , നഗരസഭാ കൗണ്‍സിലര്‍ ദൃശ്യ.എം തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച്, സ്കൂളിന്റെ നൂറ്റി നാല്പതാം വാര്‍ഷികം ഗാല-2025 എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടക്കും.
ആഘോഷവേദിയില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വേദിയിലെത്തുന്നു. രക്ഷിതാക്കളുടേയും അധ്യാപകരുടേയും കലാപരിപാടികള്‍ ഇതിനു മാറ്റുകൂട്ടും. പത്രസമ്മേളനത്തില്‍ പി.ടി.എ പ്രസിഡണ്ട് സുരേഷ് ബാബു എ.കെ, ഹെഡ്മാസ്റ്റര് പ്രമോദ്കുമാര്‍ പി., പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നീമ.ജി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Summary: Kothamangalam Govt. New building at LP School to open on February 15