വാഹനാപകടത്തില്‍ മരിച്ച പുളിയഞ്ചേരി സ്വദേശിയായ നായക്‌ കെ.കെ ആദര്‍ശിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം


കൊയിലാണ്ടി: വാഹനാപകടത്തില്‍ മരിച്ച പുളിയഞ്ചേരി സ്വദേശിയായ നായക്‌ കെ.കെ ആദര്‍ശിന്റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ മുതല്‍ ജില്ലാ സൈനിക് ബോര്‍ഡ് കാലിക്കറ്റ് ഡിഫന്‍സ് ആന്റ് ട്രസ്റ്റ് കെയര്‍ അനുഗമിച്ചു.

 

ശേഷം 3മണിവരെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. കണ്ണൂര്‍ ഡി.എസ്.സി അംഗങ്ങളുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കാരിച്ചു. വിയ്യൂര്‍ വില്ലേജ് ഓഫീസര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു. ആദര്‍ശിന് അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് വീട്ടില്‍ എത്തിയത്.

ഇന്നലെ പുലര്‍ച്ചെ 1.30ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശ് മരണപ്പെടുന്നത്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ ആദര്‍ശിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ആദര്‍ശിനൊപ്പം പരിക്കേറ്റ പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ ചികിത്സയിലാണ്. ഹരിപ്രസാദ് കൊല്ലം സ്വദേശിയാണെങ്കിലും ഇപ്പോള്‍ കീഴരിയൂരിലാണ് താമസിക്കുന്നത്.

പഞ്ചാബിലെ പത്താന്‍കോട്ട് എ.എസ്.സി ബറ്റാലിയനില്‍ നായക് ആണ് ആദര്‍ശ്. കണ്ണികുളത്തില്‍ അശോകന്റെയും സുമയുടെയും മകനാണ്. അഞ്ജു സഹോദരിയാണ്.

Description: The body of Nayak KK Adarsh, a native of Puliancherry, was cremated