ചോറോട് വാഹനാപകടക്കേസ്; പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


വടകര: കാറിടിച്ച് ഒൻപത് വയസുകാരിക്ക് ​ഗുരുതര പരിക്കേൽക്കുകയും മുത്തശ്ശി മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടശേഷം വാഹനം നിർത്താതെ പോയി തുടങ്ങിയ കേസുകളാണ് ഷെജീലിനെതിരെ വടകര പോലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് ക്ലെയിം ചെയ്തതിന് ഇയാൾക്കെതിരെ നാദാപുരം പോലീസും കേസെടുത്തിട്ടുണ്ട്.

ഇന്നലെ പുലർച്ചെ വിദേശത്ത് നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ഷെജീലിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് വടകര പൊലീസ് കോയമ്പത്തൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കോയമ്പത്തൂരിൽ നിന്ന് ഷെജീലിനെ വടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതിയിൽ ഹാജരാക്കും. ഇരു കേസുകളിലും ഷെജീലിന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്.

ഫെബ്രുവരി 17നാണ് ദേശീയ പാതയിൽ ചോറോട് അപകടം നടക്കുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ഒമ്പതുവയസുകാരി ദൃഷാനയ്ക്ക് ​ഗുരുതരമായി പരിക്കേൽ‌ക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്തിരുന്നു. അപകട ശേഷം വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു ഷജീൽ. ഇൻഷുറൻസ് ക്ലെയിം ചെയ്തതോടെയാണ് ഷെജീൽ കുരുക്കിലാകുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാൾ കാറിൽ രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് ഇയാൾ വിദേശത്ത് ജോലിക്കായി പോവുകയായിരുന്നു.

DescriptionDescriptionChorod car accident case; Accused Shejeel will be produced in court today