കോരപ്പുഴയില്‍ പാലം നിര്‍മ്മിക്കാന്‍ പുഴ മണ്ണിട്ട് നികത്തുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്; മാര്‍ച്ച് 15ന് പാലത്തിന്‍മേല്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാന്‍ പ്രദേശവാസികള്‍


എലത്തൂര്‍: ദേശീയപാത 66ല്‍ പാലം നിര്‍മ്മിക്കാന്‍ കോരപ്പുഴയില്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. കോരപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 15ന് നിലവിലെ കോരപ്പുഴ പാലത്തില്‍ ജനങ്ങള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. കോരപ്പുഴ പാലത്തിന് താഴെ ഇന്ന് വൈകുന്നേരം നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

പുഴയില്‍ നിന്നും പിന്നീട് എടുത്തുമാറ്റാമെന്ന് പറഞ്ഞ് കരാറുകാര്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബീമുകള്‍ ചതുപ്പായ ചെളിയില്‍ തന്നെ ഇട്ടിരിക്കുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സ്ഥലം ഇനിയും മണ്ണിട്ട് നികത്തുന്നതിനുള്ള നടപടികളാണ് കരാറുകാരും ദേശീയപാത അതോറിറ്റിയും തുടരുന്നത്.

ലോഞ്ചറുകളുപയോഗിച്ച് പണി പൂര്‍ത്തീകരിക്കുന്നതിന് പകരം പുഴയുടെ ഒഴുക്കിനെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും തടസപ്പെടുത്തുകയും പ്രദേശവാസികളെ വെള്ളപ്പൊക്ക ദുരിതത്തിലാക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും പുഴ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നിലവില്‍ പുഴയില്‍ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

പരിപാിട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു സമരപ്രഖ്യാപനം നടത്തി. രാഷ്ട്രീയ പ്രതിനിധികളായ ടി.പി.വിജയന്‍, പി.സി.സതീഷ് ചന്ദ്രന്‍, ഇ.കെ.വിജയന്‍, സുനിലേശന്‍ എന്നിവര്‍ സംസാരിച്ചു. സംരക്ഷണ സമിതി കണ്‍വീനര്‍ എം.ചന്ദ്രശേഖരന്‍ സ്വാഗതംച പറഞ്ഞ ചടങ്ങിന് കെ.സി ഗണേശന്‍ നന്ദി പറഞ്ഞു.