വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ സ്വര്‍ണ തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍, തിരുപ്പൂരിൽ തെളിവെടുപ്പിനെത്തിക്കും


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍നിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയുടെ സഹായിയാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറില്‍ കാർത്തികിനെയാണ്(30) റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.ബെന്നി അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ബാങ്ക് വടകര ശാഖാ മാനേജറായിരുന്ന മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാർത്തികിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്ര ബാങ്കില്‍ പണയം വെച്ച 26.24420 കിലോഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണം കാർത്തികിന്റെ സഹായത്തോടെ മധ ജയകുമാർ തമിഴ്നാട്ടിലെ ബാങ്ക് ഓഫ് സിംഗപ്പൂർ, കത്തോലിക് സിറിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ വിവിധ ശാഖകളില്‍ പണയംവെച്ചിരുന്നു. പലരുടേയും പേരില്‍ പണയംവെച്ച പണം മധ ജയകുമാറിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഡിജിറ്റല്‍ ട്രാൻസ്ഫർ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് മാസങ്ങള്‍ക്കുശേഷം പ്രതി വലയിലായത്. നഷ്ടപ്പെട്ട 15.850 കിലോയോളം സ്വർണ്ണം പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ബാക്കി സ്വർണം കണ്ടെത്താനാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി തിരുപ്പൂരിലേക്ക് കൊണ്ടുപോയത്. Summary: Gold fraud in Bank of Maharashtra branch at Vadakara: Aide of main accused arrested, evidence will be taken to Tirupur