തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മെട്രോപൊളിറ്റന്‍ പ്ലാന്‍ പ്രഖ്യാപിച്ച് കേരള ബജറ്റ്


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബഡ്ജറ്റില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നഗരവികസനത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വര്‍ഷങ്ങളിര്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്തം ബജറ്റ് പ്രഖ്യാപനത്തില്‍ പ്രാധാന്യത്തോടെ പരിഗണിച്ചു. കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് യാതൊരു സഹായവും അനുവദിച്ചില്ല, എന്നാല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 750 കോടി രൂപയുടെ ആദ്യ ഘട്ട പദ്ധതി. അധികമായി ആവശ്യമായ ഫണ്ട് അനുവദിക്കും. പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും.

മറ്റ് വികസന പദ്ധതികള്‍

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.

തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും.
കേരളത്തിലെ 150 പാലങ്ങളുടെ നിര്‍മാണ് ഉടന്‍ പൂര്‍ത്തിയാക്കും.
വിദേശവിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.
ലൈഫ് പദ്ധതിക്ക് 1160 കോടി
നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി.
കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
ഹെല്‍ത്ത് ടൂറിസത്തിന് 50 കോടി.