വയോജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകും; കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഫെബ്രുവരി എട്ടിന് തുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഫെബ്രുവരി 08ന് ആരംഭിക്കും. കൊയിലാണ്ടി കോടതിവളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്റെ സ്ഥാനത്താണ് 1.5 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്ന പ്രവൃത്തിയാണ് എട്ടിന് ആരംഭിക്കുന്നത്. ഇന്ന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗമാണ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശിച്ചത്.

കൊയിലാണ്ടി കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കാന്‍ 1.5 കോടി രൂപ അനുവദിച്ചത്. നിലവില്‍ അരങ്ങാടത്ത് വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ട്രഷറി പ്രവര്‍ത്തനം വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലായത് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രവൃത്തി ആരംഭിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദ്ദേശിച്ചത്.

എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജില്ലാ ട്രഷറി ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, പ്രവൃത്തി കരാറെടുത്ത എച്ച്.എല്‍.എല്‍ കമ്പിനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

1947ലാണ് കൊയിലാണ്ടി സബ് ട്രഷറി പ്രവര്‍ത്തനം തുടങ്ങിയത്. മൂവായിരത്തിലേറെ പേരാണ് ഈ ട്രഷറിയെ ആശ്രയിക്കുന്നത്.