കുത്ത് റാത്തീബ് ചരിത്രവും വര്‍ത്തമാനവും- ഫൈസല്‍ റഹ്മാന് എഴുതുന്നു
പ്രമുഖ സൂഫി സന്യാസിയും രിഫാഈയ്യാ സൂഫി ഓര്‍ഡറിന്റെ ശ്ശെയ്ഹ് അഥവാ സ്ഥാപക ഗുരുവുമാണ് അഹ്മദ്ല് ഖബ്വീര് രിഫാഈ. ഇറാഖിലെ വാസ്സിത്തില്‍ ജനിച്ചു ബസ്രയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ സൂഫി പ്രാക്ടീസിലെ സുന്നി സൂഫി വിഭാഗങ്ങള്‍ ഇന്നും അനുഷ്ടിച്ചു പോരുന്ന അത്യന്തം സാഹസികമായ അനുഷ്ട്ടാനകലാ രൂപമാണ് രിഫാഈയ്യാ റാത്തീബ്. കേരളത്തില്‍ ഇത് കുത്ത് റാത്വീബ് എന്ന പേരില്‍ അറിയപ്പെടുന്നു. ചിശ്തി, ഖാദിരിയ്യ, ശാദുലി തുടങ്ങി വിവിധങ്ങളായ സൂഫി ഓര്‍ഡറുകള്‍ക്ക് കീഴില്‍ വിത്യസ്ത രൂപങ്ങളിലും ശൈലികളിലും റാത്തീബുകള്‍ ഉണ്ടെങ്കിലും അവയില്‍ പ്രഭലവും പ്രചുര പ്രചാരത്തില്‍ ഉള്ളതുമായ റാത്തീബ് രിഫാഈ റാത്തീബ് ആണ്.
പ്രവാചകന് മുഹമ്മദ് നബിയുടെ പൗത്രി പുത്രനായ ഹുസൈന് (റ) ഖര്‍ബല എന്ന യുദ്ധഭൂമിയില്‍ രക്ത സാക്ഷിത്വം വരിച്ചതിന്റെ സ്മരണയില്‍ ഷിയാ വിഭാഗങ്ങളും പ്രസ്തുത കര്‍മത്തെ മറ്റു ചില രീതിയില്‍ ഏറ്റടുത്തു നടത്തിപ്പോരുന്നു. അജ്മീര്‍ ധര്ഗയുടെ പരിസരങ്ങളില്‍ സൂഫി ദാര്‍ശനികതയുടെ വിവിധ വിഭാഗങ്ങളില്‍ ഉള്ളവര്‍ ഇത്തരം ആയുധ പണി നടത്താറുണ്ട്. പത്തു മുതല്‍ പതിനഞ്ചു പേര് ഒരു പായയുടെ രണ്ടു ഭാഗത്തായി മുഖാമുഖം ഇരുന്നു കൊണ്ട് നേതൃസ്ഥാനത്തു ഇരിക്കുന്ന ഗുരു അഥവാ ഉസ്താദ് ഖുര്‍ആന്‍ മൗലിദ് തുടങ്ങിയ പ്രാര്‍ത്ഥനകളോടെ തുടങ്ങി നശീദബൈത് ചൊല്ലികൊണ്ട് ഏതാണ്ട് എട്ടു മുതല്‍ പതിനാല് ഇഞ്ചു വരെ വ്യാസമുള്ള മരത്തടിയുടെ വായ് ഭാഗം പെണ്ണാടിന്റെ തോല് കൊണ്ട് കോര്‍ത്തു ചരട് മുറുക്കി കെട്ടുന്ന ദഫ് എന്ന വാദ്യോപകരണം മുട്ടി ചൊല്ലുന്ന പ്രാര്‍ത്ഥന രീതിയാണ്.
ശക്തിയായ മുട്ടു കൊണ്ട് തോല് വലിഞ്ഞു ശബ്ദം കുറയുന്നതിനെ ചെറുക്കാന്‍ ഇടയ്ക്കിടെ ചിരട്ട കണലോ മറ്റോ കൊണ്ട് ദഫ് ചൂടാക്കി തോലിനെ ടൈറ്റ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങളും രിഫാഈ ഷെയ്ഹീനെ പ്രകീര്‍ത്തിക്കുന്ന വരികളും പ്രത്യേക ഈരടികളായി ചൊല്ലുകയും കൂടെയുള്ളവര്‍ വൈ ബൈത് ആയി ഏറ്റുചൊല്ലി കൊണ്ട് ദഫ് മുട്ടുക എന്നതാണ് ഇതിന്റെ രൂപം.
ശ്ശെയ്ഹ് അഥവാ ആത്മീയ ഗുരുക്കന്മാര് കൈ മാറി വന്നതോ അവര്‍ തിരഞ്ഞെടുക്കുന്ന ഖലീഫ അഥവാ പിന്ഗാമിയ്ക്കോ അല്ലാതെ ഇത്തരം റാത്തീബുകളില്‍ നേതൃത്വസ്ഥാനത്ത് ഇരിയ്ക്കല്‍ സാധ്യമല്ല.
ഇവര്‍ ഓതുന്ന ഖിത്താബ് മേല്‍ പറഞ്ഞതിന് പ്രകാരം കൈമാറ്റം ചെയ്യപ്പെട്ടു വന്നതായിരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ വിവിധങ്ങളായ മൗലിദ് ഖിതാബുകളില് നിന്നും പകര്‍ത്തിയെഴുതിയ ദിക്റുകളും ബൈത്തുകളും കൊണ്ട് എഴുതിയുണ്ടാക്കിയ ഖിത്താബ് വച്ചു റാത്തീബ് നടത്തുന്നവരും ഇന്ന് കുറവല്ല.
തന്റെ ആത്മീയ ഗുരുക്കന്മാരില് നിന്നും പരമ്പരകളായി കൈമാറി വന്ന അധികാര പത്രമായ സില്‍സില എന്ന പരമ്പര പത്രം ആധികാരികമായ റാത്തീബ് ഖിത്താബില് ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. രിഫാഈ ത്വരീകത് കരസ്ഥമാക്കിയവരോ ഗുരുവില്‍ നിന്നും ദഫ്മുട്ടാനുള്ള ഇജാസിയത് അഥവാ പൊരുത്തം അനുവാദം നേടിയ മുരീദ് അഥവാ ആത്മീയ വഴിയിലെ ശിഷ്യനോ ആയിരിക്കണം റാത്തീബ് മുട്ടുന്നവര്‍ എന്ന് നിര്‍ബന്ധമാണ്. എന്നാല്‍ താഴ് വഴിയായി ഏല്‍പ്പിക്കപ്പെട്ട അധ്യാത്മിക രൂപമല്ലാത്ത കേവലം കലാ രൂപമെന്ന രീതിയില്‍ പ്രസ്തുത പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മേല്പറഞ്ഞ നിബന്ധനകള്‍ പാലിക്കുന്നില്ല എന്നതാണ് വസ്തുത.
ഖിത്താബിന്റെ അടുത്തായി നിരത്തി വച്ച കൈ പിടിപോലുള്ള തടി കഷണങ്ങളില്‍ അടിച്ചു കയറ്റിയ അഗ്രം കൂര്‍ത്ത വണ്ണം കുറഞ്ഞ സ്റ്റീല്‍ കമ്പികള്‍ നിരത്തി വച്ചത് കാണാം രിഫാഈ ശൈഹിന്റെ പേര് വിളിക്കുന്ന ഭാഗമെത്തുമ്പോള്‍ മേല്പറഞ്ഞ ആയുധം ചെവിയിലും കവിളിലും നാക്ക് തുളച്ചും കയറ്റിയിറക്കും.
ഉരുളന്‍ പിടിയുള്ള കുറച്ചു കൂടി വലിയ ആയുധം മര ചുറ്റികൊണ്ട് വയറ്റില്‍ ഒരു പരിധി വരെ അടിച്ചു കയറ്റിയ ശേഷം വലിച്ചൂരുന്നതും കാണാം. ദബ്ബൂസ് എന്നാണ് പ്രസ്തുത ആയുധത്തിന്റെ പേര്. മൂര്‍ച്ചയേറിയ കത്തി കൊണ്ട് ശരീരത്തില്‍ വരയുക നാക്ക് മുറിയ്ക്കുക തുടങ്ങി മാരകമായ പല രീതികളും ഇതിന്റെ ഭാഗമായുണ്ട്. സാധാരണയായി ഒന്നര മുതല്‍ അഞ്ചും ആറും മണിക്കൂറു വരെ റാത്തീബ് നീളാറുണ്ട്. ചിലവിശേഷ ദിവസങ്ങളില്‍ പുലര്‍ച്ചെ വരെ റാത്തീബ് മജ്ലിസ് നീളാറുണ്ട്. ജാതിമത ഭേദമന്യേ ആഗ്രഹ പൂര്‍ത്തീകരണത്തിനും പുണ്യം കരസ്ഥമാക്കുന്നതിനും ആളുകള്‍ റാത്തീബില്‍ സംബന്ധിക്കാറുണ്ട്.
മനസും ശരീരവും കളങ്കപ്പെടാത്ത വിധം സ്ഫുടം ചെയ്തെടുത്ത മനുഷ്യന് നിര്‍ഭയമായി റാത്തീബ്ല് ആയുധം പ്രയോഗിക്കാന്‍ സാധിക്കുമെന്നും അപ്രകാരം തങ്ങളുടെ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന കുത്തുകയോ മുറിക്കുകയോ ചെയ്യുമ്പോള്‍ രിഫാഈ ഷെയ്ഹ് കൈ വച്ചു തടുക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. എത്ര വലിയ ആഴത്തില്‍ മുറിവേല്‍പ്പിച്ചാലും റാത്തീബ് അവസാനിക്കുന്നത്തോട് കൂടി മുറിവ് കൂടുകയും രക്തം നില്‍ക്കുകയും ചെയ്യും.
രിഫാഈ ഷെയ്ഹിന്റെ കറാമത്തുകള്‍ അഥവാ അത്ഭുതസിദ്ധിയായി ഈ സംഭവങ്ങളെ കണക്കാക്കുന്നു. കണ്ണൂരിലെ അറയ്ക്കല്‍ രാജ വംശത്തിന്റ അനുമതിയോടെ അഹ്മദ്ഹല് ഖബീര്‍ രിഫാഈയുടെ വംശ പരമ്പരയില്‍ പെട്ട ലക്ഷ ദ്വീപിലെ കവരത്തി സ്വദേശി സൂഫി ശ്ശെയ്ഹ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയാണ് ഈ കലയെ കേരളത്തിന് പരിചയപ്പെടുത്തിയത്.
പിന്നീട് അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം കുടുംബങ്ങളില്‍ പെട്ട യൂസുഫ് റബ്ബാനി തങ്ങള്‍, മുഹമ്മദ് ചെറിയ കോയ തങ്ങള്‍ തുടങ്ങിയ ലക്ഷ ദ്വീപ് തങ്ങന്മാര് മുന്‍കൈ എടുത്ത് കൊണ്ട് മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ റാത്തീബ് ഖാന എന്ന പേരില്‍ റാത്തീബ് പുരകളും തെക്യാബുകള് എന്ന പേരില്‍ നിസ്ക്കാര പള്ളികളും സൂഫി ആശ്രമങ്ങളും സ്ഥാപിച്ചു. പ്രധാനമായും മലബാറിന്റെ തീരപ്രദേശങ്ങളിലാണ് ദ്വീപ് രാത്തീബ് വേരോടിയത്
കോഴിക്കോട് മുഖദാര്‍, എലത്തൂര്‍ റാത്തീബ് ഖാന, തുടങ്ങി മുഹമ്മദ് ഖാസിം വലിയുള്ളയുടെ സുല്‍ത്താനിയ റാത്തീബ്കള് പയ്യോളിയിലെ ആവിക്കല്‍ പ്രദേശത്തും ഇന്ന് ആഴ്ച തോറും നടത്തി വരുന്ന കുത്ത് റാത്തീബ് മജ്ലിസുകളാണ്..
കാപ്പാട് ആലസ്യം വീട്ടില്‍ നടത്തി വരുന്ന രാത്തീബിനും വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്.
വടകര താഴങ്ങാടി, മാഹിയിലെ അഴിയൂരിലും തുടങ്ങി അന്യം നിന്നു പോവാതെ വാര്‍ഷിക റാത്തീബ് തുടര്‍ന്നു പോരുന്ന മജ്ലിസുകളും കൊയിലാണ്ടിയിലെ പഴയ റാത്തീബ് ഖാന ഇപ്പോഴത്തെ ഖാദിരിയ്യ പള്ളിയും
നിലവില്‍ നിസ്ക്കാരപ്പള്ളിയായി പ്രവര്‍ത്തിക്കുന്ന കുറുവങ്ങാട് കുനിയില്‍ റാത്തീബ് ഖാനയുമൊക്കെ പോയ കാലത്തിന്റെ റാത്തീബ് കലയുടെ സുവനേറുകളാണ്..
അനിസ്ലാമികമായ ആചാരം കണ് കെട്ടിയുള്ള മാജിക് വിമര്‍ശനം മൗലിക വാദികളും മറ്റും ഉയര്‍ത്തുന്നുണ്ട് എങ്കിലും മലബാര്‍ തീരങ്ങളില്‍ ഇസ്ലാമിക് സംസ്കൃതിയ്ക്ക് ഊടും പാവും നല്‍കിയതില്‍ ഇത്തരം റാത്തീബ് മജ്ലിസുകളുടെ പങ്ക് ചെറുന്നുമല്ല. മധ്യവര്‍ത്തിയായ രിഫാഈ ശ്ശെയ്ഹിനെ മുന്‍ നിര്‍ത്തി കൊണ്ട് ദൈവത്തോട് പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ രിഫാഈ ശ്ശെയ്ഹ് പ്രാര്‍ത്ഥനാ മജ്ലിസില്‍ സന്നിഹിതനാണ് എന്നതിനുള്ള തെളിവായികാണിക്കാന് വേണ്ടിയാണു ആയുധ പ്രയോഗങ്ങള്‍ നടത്തി വരുന്നത് എന്നും സംശയമുള്ള കാണികളുടെ ചെവിയിലോ വയറ്റിലോ പ്രസ്തുത ആയുധ പ്രയോഗങ്ങള്‍ നടത്തി സംശയദൂരീകരണം നടത്താം എന്നും വേദനയോ രക്തം നില്‍ക്കാത്ത മുറിവ് കൂടാത്ത അവസ്ഥയോ ഉണ്ടാകില്ല എന്ന ഉറപ്പില്‍ എതിര് വാദങ്ങളെ നിശബ്ദമാക്കുകയാണ്.
മനുഷ്യനെ ചിന്നങ്ങള്‍ കൊണ്ട് വേര്‍തിരിക്കുന്ന വര്‍ത്തമാന കാലത്ത് വെളിച്ചെണ്ണ ഒഴിച്ച് വച്ച നില വിളക്കിന്റെ സാനിധ്യം കുത്ത് റാത്തീബ്ന്റെ മജ്ലിസില്‍ ഒഴിവാക്കാന്‍ പറ്റാത്ത ചര്യയാണ്. മുറിവുകള്‍ ഉണങ്ങാന്‍ വേണ്ടി ഈ വിളക്കിലെ എണ്ണയാണ് ഉപയോഗിക്കാറ്. ബര്‍ക്കത്തിനും രോഗ ശാന്തിക്കും മറ്റുമായി ഈ എണ്ണ കൊണ്ട് പോകുന്നവരും വിളക്കിലേക്ക് എണ്ണ നേര്ച്ചചെയ്യുന്നവരും ഒത്തിരിയാണ്.
ജീവിതത്തിലെ സൂക്ഷ്മതയും കര്‍മങ്ങളിലെ കണിശതയും കാത്ത് സൂക്ഷിക്കുന്ന സൂഫിമാര്‍ഗ്ഗത്തില്‍ പ്രവേശിച്ച വ്യക്തികള്‍ക്കല്ലാതെ പിഴവില്ലാത്ത വിധം കുത്ത് റാത്തീബ് നടത്തി കൊണ്ട് പോകല്‍ സാധ്യമല്ല എന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നു.. ഭക്തിയും ആകാംക്ഷയും ഒരേപോലെ അനുഭവപ്പെടുന്ന കുത്ത് രാത്തീബും പരിപാടിയുടെ സമാപനത്തോടെ കഴിക്കാന്‍ ലഭിക്കുന്ന ചീരണി എന്ന പേരുള്ള ഇറച്ചി ചോറും പോയ കാലത്തിന്റെ മലബാര്‍ മാപ്പിള ഓര്‍മകളിലേക്കുള്ള തിരിഞ്ഞു നോട്ടം കൂടിയാണ്..