വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ പരിപാടികള്‍; കാപ്പാട് ഗവ: മാപ്പിള യു.പി സ്‌ക്കൂള്‍ ശതോത്തരി രജത ജൂബിലി ആഘോഷത്തിന് സമാപനം


കൊയിലാണ്ടി: കാപ്പാട് ഗവ: മാപ്പിള യുപി സ്‌കൂളിന്റെ 125ാം വാര്‍ഷികാഘോഷത്തിന് സമാപനം. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

വരുന്ന അധ്യയന വര്‍ഷത്തില്‍ ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ ഗവണ്‍മെന്റ് വിദ്യാലയമെന്ന നിലയില്‍ കാപ്പാട് ഗവ യുപി സ്‌ക്കൂളിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു വാഹനം നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ എ.സി. മമ്മദ് കോയ, മാട്ടുമ്മല്‍ കൃഷ്ണന്‍ എന്നിവരെ ആദരിച്ചു .

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം മുന്‍ മന്ത്രി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. അങ്കണവാടി, നഴ്‌സറി കലോത്സവം വാര്‍ഡ് ഷെരീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവരുടെ കലാപരിപാടികള്‍ നടന്നു. തുടര്‍ന്ന് നാസര്‍ കാപ്പാട് രചനയും, സംവിധാനവും നിര്‍വഹിച്ച ശാപമോക്ഷം നാടകം അരങ്ങേറി.