കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയ്ക്ക് പറ്റിയ അപകടം പോലൊന്ന് കൊല്ലം നെല്ല്യാടി റോഡിലും ഏത് വാഹനത്തിനും സംഭവിക്കാം; ഡ്രൈനേജ് പ്രവൃത്തിയ്ക്കായി ദേശീയപാതയിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത് യാതൊരു സുരക്ഷാ മുന്നൊരുക്കവുമില്ലാതെ
കൊല്ലം: ഡ്രൈനേജ് പ്രവൃത്തി പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൊല്ലം നെല്ല്യാടി റോഡിലൂടെ യാതൊരു സുരക്ഷാമുന്‍കരുതലുമില്ലാതെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത് അപകടഭീഷണിയാവുന്നു. മേപ്പയ്യൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങളാണ് നിലവിലെ അടിപ്പാത വഴിയല്ലാതെ സര്‍വ്വീസ് റോഡ് നേരിട്ട് ക്രോസ് ചെയ്യുന്ന തരത്തില്‍ വഴിതിരിച്ചുവിടുന്നത്. സര്‍വ്വീസ് റോഡും ദേശീയപാതയും മണ്ണിട്ട് നികത്തിയ നിലയിലായതിനാല്‍ അതിരൂക്ഷമായ പൊടിശല്യം കാരണം വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിന് പുറമേ ഡ്രൈനേജ് പണി നടക്കുന്നയിടത്ത് വാഹനങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ഒരു മുന്‍കരുതലുമില്ലെന്നതും ഭീഷണിയാവുന്നുണ്ട്.
നെല്ല്യാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അടിപ്പാതയുടെ അടുത്തെത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് സര്‍വ്വീസ് റോഡിലൂടെ ഏതാണ്ട് നൂറുമീറ്റര്‍ ദൂരം പിന്നിട്ട് ദേശീയപാത ക്രോസ് ചെയ്ത് കടന്നുപോകുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇവിടെ ദേശീയപാതയോ സര്‍വ്വീസ് റോഡുകളോ ടാര്‍ ചെയ്തിട്ടില്ല, മണ്ണിട്ട് നികത്തിയ നിലയിലുള്ള ഈ ഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണ് പാറി ശ്വസിക്കാനോ മുന്നിലുള്ള വാഹനങ്ങള്‍ നോക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ബസുകളോ വലിയ വാഹനങ്ങളോ കടന്നുപോകുമ്പോള്‍ പിറകില്‍ വാഹനങ്ങളില്‍ വരുന്നവര്‍ വലിയ പ്രയാസമാണ് നേരിടുന്നത്.
സര്‍വ്വീസ് റോഡിലെ ഡ്രൈനേജ് പണി എത്തിനില്‍ക്കുന്ന ഭാഗത്ത് സ്ലാബിന്റെ കമ്പികള്‍ നീട്ടിയിട്ട നിലയിലാണുള്ളത്. ഇവിടെ വാഹനങ്ങള്‍ താഴേക്ക് പോകാതിരിക്കാനുള്ള തടസങ്ങളോ അപായ സൂചകങ്ങളോ സ്ഥാപിച്ചിട്ടില്ല. അരാത്രി സമയത്ത് ഈ ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. ഇക്കഴിഞ്ഞദിവസം കോഴിക്കോട് ചേവരമ്പലം ബൈപ്പാസില്‍ എലത്തൂര്‍ സ്വദേശിയായ സ്വിഗ്ഗി ജീവനക്കാരന്‍ അപകടത്തില്‍പ്പെട്ട് കാനയില്‍ വീണ് മരിച്ചത് ഓര്‍മ്മയില്ലേ. അതിന് സമാനമായ സാഹചര്യമാണ് നെല്ല്യാടി റോഡിലും ഇപ്പോഴുള്ളത്. ഇരുചക്രവാഹനങ്ങളോ മറ്റോ ഡ്രൈനേജിലേക്ക് വീഴുകയാണെങ്കില്‍ കമ്പികള്‍ കൂടി ശരീരത്തിലേക്ക് തുളച്ചുകയറാമെന്ന സ്ഥിതിയാണ്.
ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായുള്ള സംവിധാനമാണെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. പൊടിശല്യം കുറയ്ക്കാനും ഡ്രൈനേജുകളിലേക്ക് വാഹനങ്ങള്‍ വീഴുന്നത് തടയാനുമുളള സംവിധാനങ്ങള്‍ അടിയന്തരമായി സ്ഥാപിച്ചാല്‍ മാത്രമേ ഇതുവഴി സുരക്ഷിതമായി വാഹനങ്ങള്‍ക്ക് പോകാനാകൂ. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കരാര്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിയ്ക്കുമുണ്ട്. അത് ചെയ്യാതെ റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി മുന്നോട്ടുപോകുന്നതിനെ പ്രാദേശിക ഭരണ സംവിധാനങ്ങളോ യുവജന സംഘടനകളോ ചോദ്യം ചെയ്യാത്തത് ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന സമീപനത്തിന് വളമാകുകയാണ്.
Summary: Kollam-Nelliyadi road work progressing without safety measures