‘അഭിമാനമാണ് ഈ തൊഴിലാളികള്‍’ ആദരവ് ഏറ്റുവാങ്ങിയത് ആയിരക്കണക്കിന് തൊഴിലാളികള്‍; ചക്കിട്ടപ്പാറയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ആദരിക്കല്‍ ചടങ്ങിന് സാക്ഷിയായി ഇ.എം.എസ് സ്റ്റേഡിയം



പേരാമ്പ്ര:
തൊഴിലുറപ്പ് പദ്ധതിയിലും മറ്റും അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിനൊപ്പം നിന്ന തൊഴിലാളികളെയും ജീവനക്കാരെയും ആദരിച്ച് ഗ്രാമപഞ്ചായത്ത്. ചക്കിട്ടപ്പാറ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മെഗാ ആദരിക്കല്‍ ചടങ്ങില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ആദരവ് ഏറ്റുവാങ്ങി.

[ad2]
2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ആണ് കൈവരിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ ഏഴാം സ്ഥാനത്തും എത്താനായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതഭദ്രത ഉറപ്പ് വരുത്തുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ തന്നെ ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്താണിത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് (2182 കുടുംബങ്ങള്‍) 100 തൊഴില്‍ ദിനങ്ങളും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും 200 തൊഴില്‍ ദിനങ്ങളും അടക്കം മൂന്നര ലക്ഷത്തോളം തൊഴില്‍ ദിനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.

ഈ മേഖലയിലെ ഉദ്യോഗസ്ഥ – തൊഴിലാളി സമൂഹത്തിന്റെ കൂട്ടായ സഹകരണം കൊണ്ട് മാത്രമാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് എന്നതിനാലാണ് ഈ നേട്ടങ്ങള്ളുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് തീരുമാനിച്ചതെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

[ad1]
തൊഴിലുറപ്പ് കുടുംബാംഗങ്ങള്‍ക്ക് പുറമെ ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് ജീവനക്കാര്‍, എല്‍.എസ്.ഐ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിങ്ങനെ വിവിധ മേഖലയിലെ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരകണക്കിന് തൊഴിലാളികള്‍ ആണ് ഇന്നത്തെ മെഗാ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങ് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാഥിതിയായിരുന്നു.