പാലക്കാട് തൊഴിലാളികള്‍ക്ക് നേരെയുണ്ടായ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവം; പരിക്കേറ്റ ഉള്ള്യേരി സ്വദേശിയായ യുവാവ് മരിച്ചു
ഉള്ളിയേരി: പാലക്കാട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ പെട്രോള്‍ ബോംബില്‍ പരിക്കേറ്റ ഉള്ളിയേരി സ്വദേശി മരിച്ചു. ഉള്ളിയേരി ഉള്ളൂര്‍ നോര്‍ത്ത് മാണിക്കോത്ത് മീത്തല്‍ വിഷ്ണു (27) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
ജനുവരി 13 ന് ആയിരുന്നു സംഭവം. പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന വീടിന് സമീപം കുളം കുഴിക്കാന്‍ എത്തിയതായിരുന്നു വിഷ്ണു അടക്കമുള്ള തൊഴിലാളികള്‍. വിഷ്ണുവും സുഹൃത്തായ പ്രജീഷുമടക്കം ആറുപേര്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പൂമുഖത്ത് കിടന്നുറമ്പോഴാണ് അയല്‍വാസിയായ യുവാവ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
ശബ്ദം കേട്ട് അടുത്തുളളവര്‍ ഓടി കൂടിയപ്പോള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ അയല്‍വാസിയായ പ്രതി നീരജ് ഓടി രക്ഷപ്പെട്ടു.ആക്രമണത്തില്‍ വിഷ്ണുവിനും, പ്രജീഷിനുമാണ് പരുക്കേറ്റിരുന്നത്. പരുക്കേറ്റവരെ നാട്ടുകാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. പ്രജീഷിന്റെ പരുക്ക് നിസാരമായിരുന്നു. പ്രതി ചുനങ്ങാട് വാണി വിലാസിനി മനയങ്കത്ത് നീരജിനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സേലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അച്ഛന്: കൃഷ്ണന്.
അമ്മ: പുഷ്പ
സഹോദരി: പ്രിയങ്ക .