പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു


കൊയിലാണ്ടി: സോളാര്‍ കേസില്‍ സരിത .എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവരെയാണ് വെറുതെ വിട്ടതായി കോടതി ഉത്തരവിറക്കിയത്.

2014 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് എരഞ്ഞിക്കല്‍ മോകവൂരിലുള്ള വിന്‍സെന്റ് സൈമണ്‍ എന്നയാളില്‍ നിന്നും ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പന്ത്രണ്ടു ലക്ഷം രൂപ കൈവശപ്പെടുത്തി ഡീലര്‍ഷിപ്പ് അനുവദിക്കാതെയും പണം തിരിച്ചു കൊടുക്കാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കി വിശ്വാസ വഞ്ചന ചെയ്തെന്നും ചതിച്ചെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ കേസ്.

10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരല്ല എന്നു കണ്ടു മൂന്ന് പ്രതികളെയും വെറുതെ വിട്ടു ഉത്തരവിട്ടത്. ഒന്നും മൂന്നും പ്രതികള്‍ക്ക് വേണ്ടി കൊയിലാണ്ടിയിലെ അഡ്വ മഹേഷ് എം, അഡ്വ ബിനോയ് ദാസ് വി.വി എന്നിവര്‍ ഹാജരായി.