കോഴിക്കോട് സിപിഐഎമ്മിന് പുതിയ നേതൃത്വം; എം. മെഹബൂബ് ജില്ലാ സെക്രട്ടറി


കോഴിക്കോട്:  സിപിഐഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്.

ജില്ലാ സെക്രട്ടേറിയേറ്റംഗവും കെഎസ്കെടിയു ജില്ലാ സെക്രട്ടറിയുമായ കെ കെ ദിനേശൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ എ. പ്രദീപ്കുമാർ, എം ​ഗിരീഷ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് എന്നിവരുടെ പേരുകളായിരുന്നു സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. ഒരു വനിത സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നത് ചർച്ചയിൽ ഉയർന്നിരുന്നു. മുൻ എംഎൽഎ കെ.കെ ലതികയുടെ പേരാണ് വനിതാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നത്. എന്നാൽ എം മെഹബൂബ് തന്നെ സെക്രട്ടറിയായി വരട്ടെയെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

യുവജന സംഘടനയിലൂടെ പൊതുപ്രവർ‌ത്തനം ആരംഭിച്ച മെഹബൂബ് പിന്നീട് കോഴിക്കോട് സിപിഐഎമ്മിലെ പ്രധാനനേതാവായി മാറുകയായിരുന്നു. ജില്ലയിലെ സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ് എം മെഹബൂബ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവ് കൂടിയാണ് എം മെഹബൂബ്. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

മൂന്ന് ദിവസമായി വടകര നാരായണ ന​ഗരത്തിൽ നടന്നു വരുന്ന ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 5,0000 ആളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.