‘നെന്മാറയിലെ ചെന്താമരയുടെ ആക്രമണം ലഹരി ഉപയോഗം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പദ്ധതിയായതിന്റെ ഉദാഹരണം’; ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ ഉല്ലാസ് കോവൂര്‍
കൊയിലാണ്ടി: ലഹരി ഉപയോഗം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പദ്ധതിയായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്
നെന്മാറ ചെന്താമരയുടെ ആക്രമണമെന്ന് ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇനി മുതല്‍ പെപ്പര്‍സ്‌പ്രേ പോലീസ് സായുധ ഉല്‍പ്പന്നമായി ഉള്‍പ്പെടുത്തണമെന്നും, കൊടും ക്രിമിനലുകളെ പൊതു ഖജനാവിലെ സമ്പത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സര്‍ക്കാര്‍ കൊടും ക്രിമിനലുകള്‍ക്ക് ജയില്‍ മോചനം നല്‍കുകയാണെന്നുംഉല്ലാസ് കോവൂര്‍ ആരോപിച്ചു.
ആര്‍.എസ്.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടേയും, ബേബിജോണ്‍ സെന്ററിന്റെയും നേതൃത്വത്തില്‍ മുന്‍ മന്ത്രിയും, ആര്‍.എസ്.പിയുടെ പ്രമുഖ നേതാവുമായിരുന്ന ബേബിജോണ്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി യു.എ.ഖാദര്‍ പാര്‍ക്കില്‍ നടന്ന പരിപാടി ചിത്രം വരച്ചാണ് ഉല്ലാസ് കോവൂര്‍ ഉദ്ഘാടനം ചെയ്തത്.
ബേബീജോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ വരയിലൂടെ പ്രതിരോധം – മനോജ് മരളൂര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കോല്‍ക്കളി ആചാര്യന്‍ ഖാലിദ് ഗുരുക്കള്‍, ഫുട്‌ബോള്‍ കോച്ച് മുഹമ്മദ് റാഷിദ് എന്‍, വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തമുഖത്തെ നിസ്വാര്‍ത്ഥ സേവന സന്നദ്ധ പ്രവര്‍ത്തകന്‍ ഷൗക്കത്തലി കൊയിലാണ്ടി, ആര്‍.വൈ.എഫ് കേരള സൈക്കിള്‍ റൈഡില്‍ മുഴുവന്‍ സമയജാഥാ സംഘാഗം അക്ഷയ് പൂക്കാട് എന്നിവര്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ നല്‍കി.
എന്‍.കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റഷീദ് പുളിയഞ്ചേരി, സി.കെ.ഗിരീഷ്‌കുമാര്‍, അക്ഷയ് പൂക്കാട്, വി.പി.ഇബ്രാഹിംകുട്ടി, കെ.പി.വിനോദ് കുമാര്‍, അരുണ്‍ മണമല്‍, അന്‍വര്‍ ഇയ്യഞ്ചേരി, എ.അസീസ് മാസ്റ്റര്‍, പി.ബാലകൃഷ്ണന്‍, സെയ്ത് മുഹമ്മദ് തങ്ങള്‍, രാമകൃഷ്ണന്‍.കെ, ബാലകൃഷ്ണന്‍ നടുവിലടത്ത് എന്നിവര്‍ സംസാരിച്ചു.