‘തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന് ഉത്തരവാദി എം.എല്‍.എയും പഞ്ചായത്ത് ഭരണസമിതിയും’; പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചുമായി മുസ്‌ലിം യൂത്ത് ലീഗ്


കൊയിലാണ്ടി: തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന് ഉത്തരവാദി സ്ഥലം എം.എല്‍.എയും പഞ്ചായത്ത് ഭരണ സമിതിയുമാണെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി. തീരദേശത്തോട് എം.എല്‍.എ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം കേന്ദ്രങ്ങളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും സ്ഥലം എം.എല്‍.എയുടെയും പഞ്ചായത്തിന്റെയും ഉത്തരവാദിത്വമാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി മാത്രമാവരുത് സംവിധാനങ്ങള്‍ അത് സഞ്ചാരികളുടെ ജീവന് സുരക്ഷ നല്‍കാന്‍ കൂടി പ്രവര്‍ത്തിക്കണമെന്ന് യൂത്ത് ലീഗ് പ്രതിഷേധമാര്‍ച്ച് ആവശ്യപ്പെട്ടു.

ദിനം പ്രതി ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തിയെന്ന് കൊട്ടിഘോഷിക്കുന്ന വകുപ്പ് മന്ത്രിയും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി പോകുന്ന എം.എല്‍.എയും ഉത്തരവാദിത്വം മറന്ന പഞ്ചായത്തും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു. കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ അധികാരികള്‍ നിസ്സംഗത തുടരുകയാണെങ്കില്‍ സമരം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

കെ.കെ.റിയാസ് അധ്യക്ഷത വഹിച്ചു എന്‍.പി.മമ്മദ് ഹാജി, പി.പി.കുഞ്ഞമ്മദ്, ബി.വി.സറീന, മന്നത്ത് മജീദ്, ഹാഷിം കോയ തങ്ങള്‍, പി.വി.അസീസ്, എസ്.എം.ബാസിത് തുടങ്ങിയവര്‍ സംസാരിച്ചു. എ.സി.സുനൈദ്, പി.കെ.മുഹമ്മദലി, എ.വി.സകരിയ്യ, ബാസിത് കൊയിലാണ്ടി, അന്‍വര്‍ വലിയമങ്ങാട്, സാലിം മുചുകുന്ന്, ജലീല്‍.പി.വി, ജാസിദ് പള്ളിക്കര, സുഫാദ് പയ്യോളി, സവാദ് പയ്യോളി, ഷിബില്‍ പുറക്കാട് എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ഫാസില്‍ നടേരി സ്വാഗതം പറഞ്ഞു. ഷഫീഖ് തിക്കോടി നന്ദി രേഖപ്പെടുത്തി.

Summary: muslim-youth-league-with-march-to-panchayat-office