ഫൈന്‍ സംബന്ധിച്ച് കൊയിലാണ്ടി ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ എത്തിയയാള്‍ എ.എസ്.ഐയെ മര്‍ദിച്ചു



കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മര്‍ദനം. ഇന്ന് രാവിലെ 10.20 തോടെയാണ് സംഭവം. ട്രാഫിക് സ്റ്റേഷനില്‍ ഫൈന്‍ ചെല്ലാന്‍ സംബന്ധിച്ച വിഷയവുമായി എത്തിയ ആള്‍ എ.എസ്.ഐയെ മര്‍ദിക്കുകയായിരുന്നു. എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ എന്നയാളാണ് പോലീസിനെ ആക്രമിച്ചത്.

ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും എത്തി എ.എസ്.ഐ യെ മര്‍ദിക്കുകയുമായിരുന്നു.

സംഭവത്തില്‍ ട്രാഫിക് പോലീസ് എ.എസ്.ഐ സജീവന് പരിക്കേറ്റു. എ.എസ്.ഐയുടെ യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിക്കേറ്റ എ.എസ്.എ യെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ സംഭവ സ്ഥലത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.