സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; മെയ് ഒന്നു മുതൽ നിരക്ക് കൂടും; പുതിയ നിരക്കുകൾ ഇങ്ങനെ


കോഴിക്കോട്: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ വർധിപ്പിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനയ്ക്ക് അംഗീകാരം നൽകി.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളുടെ മിനിമം നിരക്ക് 8 രൂപയിൽനിന്ന് 10 രൂപയാകും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ അധികം നൽകണം. നേരത്തേ 90 പൈസയായിരുന്നു. മിനിമം നിരക്കിന് അനുസരിച്ച് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിരക്കിലും മാറ്റം വരും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നത് ഒന്നര കിലോമീറ്ററിന് 30 രൂപയാക്കി. തുടർന്നു വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാകും. നിലവിൽ 12 രൂപയാണ്.

കാറുകളിൽ 1500 സി.സിയിൽ താഴെയുള്ളവയ്ക്ക് 5 കിലോമീറ്ററിന് 175 രൂപ എന്നത് 200 ആകും. തുടർന്നുള്ള കിലോമീറ്ററിന് 18 രൂപ ഈടാക്കും. നിലവിൽ 15 രൂപയാണ്. വെയിറ്റിങ് ചാർജ്, രാത്രിയാത്ര തുടങ്ങിയവയിൽ മാറ്റമില്ല.

നിരക്ക് വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.  വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിന് ഇന്ന് കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച്‌ 30 ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം നിരക്ക് വര്‍ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.