ചെമ്പോലയില്‍ പണിത മടപ്പുരയുടെ പുനപ്രതിഷ്ഠ ; പുളീക്കണ്ടി മടപ്പുരയില്‍ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി
പേരാമ്പ്ര: വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയന്‍ ടി.പി.നാരായണന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഏകദേശം അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയില്‍ പുതുക്കിപ്പണിത മടപ്പുരയുടെ പുനഃപ്രതിഷ്ഠ നടത്തി. മയ്യില്‍ മോഹനന്‍ മടയന്‍ (പറശ്ശിനി മടപ്പുര) പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വൈകിട്ട് കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുമുടി ഘോഷയാത്രയും മുത്തപ്പന്‍ വെള്ളാട്ടവും നടന്നു. പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ മ്യൂസിക് ആല്‍ബം ‘തുളസികതിരി’ന്റെ ഓഡിയോ റിലീസും നടന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പ്, 51 വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം, കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.
ചൊവ്വാഴ്ച രാവിലെ പത്തിന് ജീവിതശൈലീ രോഗ പ്രതിരോധ സെമിനാര്‍, രാത്രി ഏഴിന് ക്ഷേത്ര വിദ്യാര്‍ഥി- വനിതാ സമിതി സംയുക്തമായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍- വര്‍ണമയൂരം എന്നിവ നടക്കും. 22ന് (ബുധന്‍) രാത്രി ഏഴിന് വി.കെ.സുരേഷ് ബാബു അവതരിപ്പിക്കുന്ന പ്രഭാഷണം, രാത്രി 8.30ന് അഞ്ചാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം പ്രശസ്ത ചുമര്‍ ചിത്ര കലാകാരന്‍ രമേശ് കോവുമ്മലിന് സമ്മാനിക്കും.
രാത്രി ഒമ്പതിന് മെഗാ മ്യൂസിക്കല്‍ ഡാന്‍സ് നൈറ്റ്, 23ന് (വ്യാഴം) രാവിലെ ഒമ്പതിന് ക്ഷേത്രം വക ഇളനീര്‍ കുലമുറി, രാത്രി ഏഴിന് കളരിപ്പയറ്റ്, മഹോത്സവത്തിലെ പ്രധാന ദിനമായ 24ന് (വെള്ളി) ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കല്‍, നാലിന് വിവിധ ദേശങ്ങളില്‍ നിന്ന് ഇളനീര്‍കുലവരവുകള്‍, ആറിന് മുത്തപ്പന്‍ വെള്ളാട്ടം, 6.30ന് താലപ്പൊലി ദീപാരാധന, എട്ട് മണി മുതല്‍ ഭഗവതി, ഗുളികന്‍, ഗുരു, കുട്ടിച്ചാത്തന്‍ തിറകള്‍.
25ന് (ശനി) കാലത്ത് ആറിന് തിരുവപ്പന. ഉച്ചക്ക് ഒരു മണിവരെ ദര്‍ശന സൗകര്യമുണ്ടായിരിക്കും.