ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഗ്രീഷ്മയ്ക്ക് പുറമേ മൂന്നാം പ്രതി അമ്മാവന് നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജ് എ.എം ബഷീറാണ് വിധി പ്രഖ്യാപിച്ചത്.
കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്.
തെളിവുനശിപ്പിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് അമ്മ സിന്ധുവിനെതിരെയുണ്ടായിരുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ കോടതി വെറുതെ വിട്ടത്.
ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്.
2022 ഒക്ടോബര്‍ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാന്‍ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നല്കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്.
Summary: Sharon murder case; The court found the accused Greeshma guilty