പ്രണയ ചതിയിൽ നഷ്ടപ്പെട്ട ജീവൻ; ഷാരോണ്‍ വധക്കേസിൽ വിധി ഇന്ന്


തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക.

ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.


2022 ഒക്ടോബർ 14 ന് ആണ് കേസിനു ആസ്പദമായ സംഭവം. ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല.

പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, നിർമ്മല കുമാരൻ നായരെയും പ്രതി ചേർക്കുകയായിരുന്നു.