സ്‌കൂളുകള്‍ക്ക് മുന്നിലൂടെയുള്ള വേഗപ്പാച്ചിൽ നിര്‍ത്തിക്കോ; സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം


കോഴിക്കോട്‌: ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ കടന്നുപോവുന്ന പ്രധാന റോഡുകളിലൂടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ റോഡുകളില്‍ വേഗത നിയന്ത്രിക്കുന്നതിനായുള്ള സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ കടന്നുപോവുന്ന ഏതൊക്കെ റോഡുകളില്‍ വേഗനിയന്ത്രണ സംവിധാനം നിലവിലില്ലെന്നു കണ്ടെത്തി പട്ടിക തയ്യാറാക്കാനും അത് ബന്ധപ്പെട്ട റോഡ് അധികൃതര്‍ക്ക് നൽകാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ രീതിയില്‍ റോഡരികുകളില്‍ സ്ഥാപിച്ച ഹോര്‍ഡിംഗുകളും ബോര്‍ഡുകളും മാറ്റുകയോ ആവശ്യമായ മറ്റ് പരിഹാര നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കെട്ടിടത്തിന് സമീപം സീബ്രാ ക്രോസിംഗ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.

മിഠായിത്തെരുവ് എസ്എം സ്ട്രീറ്റ് വഴി വാഹനങ്ങള്‍ കടത്തിവിടുന്നത് കാല്‍നട യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കും എന്നതിനാല്‍ നിലവിലെ സ്ഥിതി തുടരാന്‍ യോഗം തീരുമാനിച്ചു. റോഡരികുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലുള്ള ട്രാഫിക് സിഗ്നലുകളില്‍ പലതും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപയോഗശൂന്യമായ സാഹചര്യത്തില്‍ പകരം സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം നല്‍കി.

രാമനാട്ടുകര- ഫറോക്ക് റൂട്ടിലെ പെരുമുഖം ബസ് സ്റ്റോപ്പിന് സമീപം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തി സ്ഥിതി ചെയ്യുന്ന വൈദ്യുത ട്രാന്‍സ്‌ഫോര്‍മര്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. അരയിടത്തുപാലം മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും ഡിവൈഡര്‍ ഇല്ലാത്തതിനാല്‍ ഇവിടെ നിന്ന് വാഹനങ്ങള്‍ യു-ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നതായി യോഗം വിലയിരുത്തി. പ്രശ്‌നം പരിഹരിക്കുന്നത് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ സന്തോഷ് കുമാര്‍, വടകര ആര്‍ടിഒ ഇ മോഹന്‍ദാസ്, ഡിവൈഎസ്പി (ഡിസിആര്‍ബി) എ അഭിലാഷ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കെഎസ്ടിപി പ്രതിനിധികള്‍ പങ്കെടുത്തു.

Description: Action to install speed breakers on major roads passing in front of schools in the district